
മറയൂര്‍: മറയൂര്‍ കാന്തല്ലൂരില്‍ കാലില്‍ കുരുക്ക് മുറുകി പരിക്കേറ്റ പിടിയാന ചരിഞ്ഞു. ചികിത്സ നല്‍കി പിടിയാനയെ രക്ഷിക്കുവാന്‍ വനം വകുപ്പ് ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ മാസം 26നാണ് ഇടതു കാലില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മുറിവേറ്റ നിലയില്‍ 20 വയസ്സ് പ്രായമുള്ള പിടിയാനയെ കാന്തല്ലൂര്‍ വെട്ടുകാട് ഭാഗത്ത് കണ്ടെത്തിയത്. ഇവിടെ നിന്നും തുരത്തി പെരടി പള്ളത്തെ സുരക്ഷിത സ്ഥലത്തേക്ക് പിടിയാനയെ എത്തിച്ചു.

27ന് കുരുക്ക് അഴിച്ച് ചികിത്സ നല്‍കുവാന്‍ മയക്കുവെടി വക്കുവാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചു. വനംവകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മെയ് 28ന് പുലര്‍ച്ചെ പിടിയാനയെ മയക്കു വെടിവച്ചു. പിന്നീട് കാലിലെ കുരുക്ക് അഴിച്ച് ചികിത്സ നല്‍കി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ചന്ദ്രമണ്ഡലം ഭാഗത്ത് കിടപ്പിലായ പിടിയാനയെ രക്ഷിക്കുവാന്‍ ഡോക്ടര്‍മാര്‍ വീണ്ടും ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ആനയുടെ ജീവന്‍ നഷ്ടമായി.വനം വകുപ്പിന്റെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ച് വരുന്നുണ്ടായിരുന്നു.ആനയുടെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌ക്കരിച്ചു.