വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ 3 എല്‍ ആര്‍ ഡിയുടെ ഇന്‍സ്റ്റാളേഷന്‍ ചടങ്ങ് നാളെ

അടിമാലി: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ സോണ്‍ 3 എല്‍ ആര്‍ ഡിയുടെ ഇന്‍സ്റ്റാളേഷന്‍ ചടങ്ങ് നാളെ നടക്കുമെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് ഒരുക്കിയിട്ടുള്ളത്. പ്രമുഖ സേവന പദ്ധതിയുടെ ആരംഭവും പുരസ്‌ക്കാര രാത്രിയും സാംസ്‌ക്കാരിക ആഘോഷങ്ങളും ഇതിന്റെ ഭാഗമായി നടക്കും.
ജിയോ വി എല്‍ദോയാണ് സോണിന്റെ പുതിയ എല്‍ ആര്‍ ഡി. വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയാ പ്രസിഡന്റ് എ എസ് രാധാകൃഷ്ണന്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോണ്‍ 3 എല്‍ ആര്‍ ഡി പ്രൊജക്ടായ പാര്‍പ്പിടം പദ്ധതിയുടെ ആദ്യപടിയെന്ന നിലയിലുള്ള പ്രഥമവീടിന്റെ താക്കോല്‍ദാനവും ചടങ്ങിന്റെ ഭാഗമായി നടക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഈ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സോണ്‍ 3യില്‍പ്പെടുന്ന ക്ലബ്ബുകളും ജില്ലകളും ചേര്‍ന്ന് ഏകദേശം മൂന്ന് കോടി രൂപ വില വരുന്ന വിവിധ സേവനപദ്ധതികള്‍ പ്രഖ്യാപിക്കും. ഗൃഹനിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ആയിരിക്കും ഈ പദ്ധതി.
വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ പ്രമുഖ നേതാക്കളും ഭാരവാഹികളും നൂറുകണക്കിന് അംഗങ്ങളും പങ്കാളികളും അനുഭാവികളും ചടങ്ങുകളുടെ ഭാഗമാകുമെന്നും ഹോസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് പീറ്റര്‍, എല്‍ ആര്‍ ഡി ജിയോ വി എല്‍ദോ, സോണ്‍ സെക്രട്ടറി എല്‍ദോ പി ഏലിയാസ്, ജോണ്‍സണ്‍ തോമസ്, ബേസില്‍ പി വര്‍ഗ്ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.