KeralaLatest NewsLocal news

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ശമനം; ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന കരിംങ്കുളം എൽ പി സ്‌കൂളിന് അവധി

ജില്ലയില്‍ കനത്ത മഴയുടെ ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്ന കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ജില്ലയില്‍ മൂന്ന് ക്യാമ്പുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മഴ ശക്തമായയിരുന്ന സമയത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. ഇടുക്കി താലൂക്കില്‍ തുറന്ന എല്ലാ ക്യാമ്പുകളും അടച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളും ദേവികുളത്ത് ഒരു ക്യാമ്പുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നു ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 36 പേരാണുള്ളത്. ഇതില്‍ 9 പുരുഷന്‍മാരും 22 സ്ത്രീകളും 5 കുട്ടികളുമുണ്ട്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കരിക്കുളം എൽ പി സ്‌കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ (1) ഉച്ചയ്ക്ക് 12 മണി വരെയുള്ള കണക്കു പ്രകാരം 5.56 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2344.75 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ 130.45 അടിയാണ് ജലനിരപ്പ്.

കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 150 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഇതില്‍ 140 വീടുകള്‍ ഭാഗികമായും 10 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അഞ്ച് വീടുകളാണ് മഴയില്‍ തകര്‍ന്നത്.

ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത് ഇടുക്കി താലൂക്കിലാണ്. ഇടുക്കിയില്‍ 55 വീടുകളാണ് തകര്‍ന്നത്. ഇതില്‍ 52 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തൊടുപുഴ താലൂക്കില്‍ 31 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 27 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ നാശനഷ്ടമുണ്ടായത് 28 വീടുകള്‍ക്കാണ്. ഇതില്‍ 26 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഉടുമ്പന്‍ചോല താലൂക്കില്‍ 25 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഇതില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. പീരുമേട് താലൂക്കില്‍ 11 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി.

ജില്ലയില്‍ ഇതിനോടകം മൂന്ന് പേര്‍ക്കാണ് മഴക്കെടുതിയില്‍ ജില്ലയില്‍ ജീവഹാനി സംഭവിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

കനത്ത മഴയില്‍ ജില്ലയില്‍ ഏകദേശം 5.48 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. 350.8 ഹെക്ടറിലായി 3218 കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ ഇതിനോടകം നശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!