ഈ വര്‍ഷം സ്ഥിരീകരിച്ചത് 41അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍; ആക്ടീവ് കേസുകള്‍ 18: ആരോഗ്യവകുപ്പ്

ഈ വര്‍ഷം സംസ്ഥാനത്ത് 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യവകുപ്പ്. 18 ആക്ടീവ് കേസുകളുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് രോഗികള്‍ ഉള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് എതിരെ ജനകീയ കാമ്പയിന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണം. വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കണം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ആക്ടീവ് കേസുകള്‍. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനങ്ങളും ബോധവത്കരണവും നല്‍കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി തദ്ദേശ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു