മാങ്കുളത്തിന്റെ ടൂറിസം വളരുന്നു; വേണം മാലിന്യ ശേഖരണത്തിന് മതിയായ സംവിധാനം

അടിമാലി:മാങ്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ കല്ലാര്‍ മാങ്കുളം റോഡിന്റെ വശങ്ങളില്‍ പലയിടത്തും സഞ്ചാരികള്‍ നിക്ഷേപിക്കുന്ന മാലിന്യം കുമിയുന്നു. ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പേപ്പര്‍ പ്ലേറ്റടക്കമുള്ള മാലിന്യങ്ങളാണ് പുഴയോരങ്ങളിലും പാതയോരങ്ങളിലുമൊക്കെ അലക്ഷ്യമായി നിക്ഷേപിച്ച് പോകുന്നത്. കല്ലാറില്‍ നിന്നും മാങ്കുളത്തേക്കുള്ള യാത്രക്കിടയില്‍ പുഴകളും വെള്ളച്ചാട്ടങ്ങളുമൊക്കെയുണ്ട്.ഇവ കാണുന്നതോടെ സഞ്ചാരികള്‍ ഇവിടിറങ്ങി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടങ്ങള്‍ അവിടെ തന്നെ ഉപേക്ഷിച്ച് പോകുന്ന പ്രവണതയുണ്ട്. കുടിവെള്ള കുപ്പികളും പേപ്പര്‍ പ്ലേറ്റുകളുമാണ് ഇത്തരത്തില്‍ പലയിടത്തും ചിതറിക്കിടക്കുന്നത്. മദ്യപ സംഘം ഉപേക്ഷിച്ച് പോകുന്ന കുപ്പികളും ഉണ്ട്.
കല്ലാര്‍ മുതല്‍ ആനക്കുളം വരെയുള്ള ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസിറ്റിക് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് പോകുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ പഞ്ചായത്തുകളുടെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യം. മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കരുതെന്ന് സൂചിപ്പിച്ച് ആളുകള്‍ വിശ്രമിക്കാനും കാഴ്ച്ചകള്‍ കാണാനും ഇറങ്ങുന്ന ഇടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനാകും. ഒപ്പം മാലിന്യം നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കി ഓരോ ഇടങ്ങളിലും വെയിസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച് മാലിന്യ ശേഖരണത്തിന് കരുതലൊരുക്കാം. വളര്‍ന്നു വരുന്ന വിനോദ സഞ്ചാര മേഖലയെന്ന നിലയില്‍ മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനും മതിയായ സൗകര്യമൊരുക്കിയില്ലെങ്കില്‍ മാലിന്യ നിക്ഷേപം അനിയന്ത്രിതമാകുമെന്ന വാദമുയരുന്നു.