Latest NewsNational

സമരങ്ങളെ കിരാതമായി അടിച്ചമർത്തി, പൗരസ്വാതന്ത്ര്യങ്ങളെ കാറ്റിൽപ്പറത്തി; അടിയന്തരാവസ്ഥയുടെ 50-ാം വർഷം

എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റിൽപ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമർത്തി ഇന്നേയ്ക്ക്, 50 വർഷം മുമ്പ് മറ്റൊരു ജൂൺ 25-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗമായിരുന്നു അത്.

എഴുപതുകളുടെ തുടക്കം. സ്തുതിപാഠകരുടെ വലയത്തിലായിരുന്നു അന്ന് ഇന്ദിരാഗാന്ധി. അസമീസ് കവിയും കോൺഗ്രസ് നേതാവുമായ ദേവ് കാന്ത് ബറുവ ‘ഇന്ത്യ എന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നും’ വരെ പ്രഖ്യാപിച്ച കാലം. അധികാരം ഇന്ദിരയിലേക്ക് കേന്ദ്രീകരിക്കുകയും ഏകാധിപത്യപ്രവണതയിലേക്ക് ഇന്ദിര നീങ്ങുകയും ചെയ്തിരുന്ന സമയം. പാകിസ്ഥാനുമായുണ്ടായ 1971-ലെ യുദ്ധം രാജ്യത്തിന്റെ ആഭ്യന്തരവരുമാനം കുറച്ചു. വരൾച്ചയും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഇന്ദിരയ്ക്കെതിരെ സമരങ്ങൾക്കിടയാക്കി. സർക്കാർ സമരങ്ങളെ കിരാതമായി അടിച്ചമർത്തിത്തുടങ്ങി. ഇന്ദിരയുടെ ഭരണത്തിനെതിരെ ജയപ്രകാശ് നാരായൺ സമ്പൂർണ വിപ്ലവം പ്രഖ്യാപിച്ചു.

1971 ലെ പൊതുതിരഞ്ഞെടുപ്പിൽ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന കേസിൽ, അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് 1975 ജൂൺ 12-ന് വിധിച്ചു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ഇന്ദിരാഗാന്ധിയെ വിലക്കി. അപ്പീലിൽ വാദം കേട്ട സുപ്രീം കോടതി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാർലമെന്റിൽ പങ്കെടുക്കാമെന്നും സോപാധിക സ്റ്റേ അനുവദിച്ചു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വെക്കേഷൻ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്, ചരിത്രവിധിയുടെ പതിമൂന്നാം നാൾ, 1975 ജൂൺ 25 -ന് ദൽഹി രാംലീലാ മൈതാനിയിൽ ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഗമം. അന്ന് അർദ്ധരാത്രി ഇന്ദിരാ ഗാന്ധിയുടെ ശിപാർശയിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ ഉത്തരവെത്തി- ‘രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.

പിന്നീടുണ്ടായത് ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകൾ. നേതാക്കൾ ജയിലിലായി. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധി നിയമപരമായ ഉത്തരവാദിത്തമില്ലാതെ അധികാരപ്രയോഗം നടത്തി. നിർബന്ധിത വന്ധ്യംകരണങ്ങൾ, ചേരി ഒഴിപ്പിക്കലുകൾ, മനുഷ്യാവകാശ ലംഘനങ്ങൾ. 21 മാസങ്ങൾക്കുശേഷം 1977 മാർച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുന്നു. പൊതുതിരഞ്ഞെടുപ്പിൽ ജനതാപാർട്ടിക്ക് വിജയം. അടിച്ചമർത്തലിന് എതിരെയുള്ള ജനവികാരം ഇന്ദിരയ്ക്കെതിരായ വോട്ടായി മാറി. മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ 1977 മാർച്ച് 24ന് ജനതാപാർട്ടി അധികാരത്തിലേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!