മഴക്കാലമെത്തിയതോടെ വറ്റി വരണ്ട് കിടന്നിരുന്ന ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമായി

അടിമാലി: കഴിഞ്ഞ ഒരാഴ്ച്ചയായി മഴ തിമിര്‍ത്ത് പെയ്തതോടെ ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങളൊക്കെയും വേനല്‍ കവര്‍ന്ന ഭംഗി വീണ്ടെടുത്തു കഴിഞ്ഞു. പച്ചപ്പിന് നടുവില്‍ പാറയിടുക്കുകളിലൂടെ വന്യമായി നുരഞ്ഞൊഴുകുന്ന ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങളുടെ ഭംഗി സഞ്ചാരികള്‍ക്ക് എത്ര കണ്ടാലും മതിവരുന്നതല്ല. ചീയപ്പാറ, വാളറ, കുത്തുങ്കല്‍ തുടങ്ങി പേരുകേട്ടതും കേള്‍ക്കാത്തതുമായ വെള്ളച്ചാട്ടങ്ങള്‍ ഹൈറേഞ്ചില്‍ ധാരാളമുണ്ട്.
ദേശിയപാത 85ലൂടെ മൂന്നാറിലേക്കുള്ള യാത്രാ മധ്യേ കാണുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങി അല്‍പ്പ നേരം ഭംഗിയാസ്വദിക്കാതിപ്പോള്‍ സഞ്ചാരികള്‍ കടന്ന് പോകാറില്ല. ശക്തമായ മഴമുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. മഴ മൂടിയ ഇടുക്കിയുടെ മനോഹാരിത ആസ്വദിക്കാന്‍ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ.
ഇടുക്കിയെ ഏറ്റവും കൂടുതല്‍ മനോഹരമായി കാണാന്‍ കഴിയുന്ന കാലമാണ് മഴക്കാലം. വേനലില്‍ മെലിഞ്ഞൊട്ടുന്ന വെള്ളച്ചാട്ടങ്ങള്‍ അതിന്റെ ഭംഗിയത്രയും വീണ്ടെടുത്തൊഴുകുന്ന കാഴ്ച്ചയാണ് മഴക്കാലത്ത് ഇടുക്കിയെ മിടുക്കിയാക്കുന്നത്. മഴക്കാലം അവസാനിക്കും വരെ ഹൈറേഞ്ചിന്റെ ഭംഗി ഇതേ റേഞ്ചില്‍ തുടരും.