
അടിമാലി : മാങ്കുളത്തുണ്ടായ വാഹനാപകടത്തില്‍ അയല്‍ സംസ്ഥാന തൊഴിലാളി മരിച്ചു. അയൽ സംസ്ഥാന തൊഴിലാളി ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മാങ്കുളം ആനക്കുളം റോഡില്‍ ബൈസണ്‍വാലി കയറ്റത്തില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. കൊടും വളവുകളും കുത്തനെ കയറ്റവും നിറഞ്ഞ ഭാഗമാണിവിടം. റോഡില്‍ സുരക്ഷാവേലി സ്ഥാപിക്കുന്നതിനായുള്ള നിര്‍മ്മാണ സാമഗ്രികളുമായി വന്ന മിനിലോറി കയറ്റത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പിറകോട്ട് ഉരുളുകയും തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന കാറിന്റെ പിന്ഭാഗത്തിടിക്കുകയുമായിരുന്നു. മാങ്കുളം ടൗണില്‍ നിന്നും ഇറക്കമിറങ്ങി വന്ന കാറ് ആദ്യം പാതയോരത്തെ ഓടയില്‍ അകപ്പെട്ടിരുന്നു. കാറ് ഓടയില്‍ നിന്നും കയറ്റുന്നതിനായി അതുവഴിയെത്തിയ മറ്റ് വാഹനയാത്രികരോട് സഹായമഭ്യര്ത്ഥിക്കുന്നതിനിടയിലായിരുന്നു ലോറി മാങ്കുളം ഭാഗത്തേക്ക്് കയറ്റം കയറി വന്നത്. കയറ്റത്തിന്റെ മുകള്‍ ഭാഗത്തെത്തിയതോടെ നിയന്ത്രണം നഷ്ടമായി ലോറി പിറകോട്ട് ഉരുളുകയും ഓടയില്‍ അകപ്പെട്ട് കിടന്നിരുന്ന കാറിന്റെ പിറകില്‍ വന്നിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറും ലോറിയും പാതയോരത്തെ കൃഷിയിടത്തിലേക്ക് പതിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന അയല്‍സംസ്ഥാന തൊഴിലാളി ഈ സമയം ലോറിയുടെ അടിയില്‍പ്പെട്ടു. അപകട ശേഷം ഓടിക്കൂടിയ പ്രദേശവാസികള്‍ ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ലോറി ഉയര്‍ത്തിയാണ് ഇയാളെ പുറത്തെടുത്ത്. തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 6 പേരായിരുന്നു കാര്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. ഇതില്‍ ഭാനു(36), വിജയശാന്തി (43) എന്നിവര്‍ക്ക് പരിക്ക് സംഭവിച്ചു. ലോറിയിലുണ്ടായിരുന്ന മറ്റൊരു അയല്‍ സംസ്ഥാന തൊഴിലാളിയായ ലിയോണി(38)നും പരിക്ക് സംഭവിച്ചു. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ത ചികിത്സക്കായി കൊണ്ടുപോയി. മരിച്ച അസാം സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മാറ്റി.