സുരക്ഷിതത്വമില്ലാതെ കഴിഞ്ഞ് വന്നിരുന്ന കുട്ടികളെ ശിശു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി

മാങ്കുളം: സുരക്ഷിതമല്ലാ നിലയിൽ മാങ്കുളം ആനക്കുളത്തിന് സമീപം വല്യപാറക്കുട്ടിയിൽ പുഴയോരത്ത് ഏറുമാടത്തിൽ പിതാവിനൊപ്പം കഴിഞ്ഞിരുന്ന സഹോദരങ്ങളായ ആദിവാസി വിഭാഗക്കാരായ കുട്ടികളെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഏറ്റെടുത്തു. ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം ഇവരെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴിച്ചയായിരുന്നു കുട്ടികളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനത്തിനിടയിൽ കണ്ടെത്തിയത്. തുടർന്നിവർ വിവരം വിവിധ വകുപ്പുകളെ വിവരമറിയിച്ചിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്ച്ച മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത ആനന്ദ്, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് കുര്യൻ,ഗ്രാമപഞ്ചായത്തംഗം സവിത റോയി എന്നിവരുടെ നേതൃത്വത്തിൽ സംഘം കുട്ടികൾ താമസിച്ച് വരുന്ന സ്ഥലത്തെത്തി. തുടർന്ന് കുട്ടികളെ മാങ്കുളത്തെത്തിച്ച് വൈദ്യപരിശോധന നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തി.
ശേഷം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജിൻ്റെ നേതൃത്വത്തിൽ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയൽ പബ്ലിക് ഹെൽത്ത് നേഴ്സ് റ്റി പ്രിയാവതി എന്നിവരടങ്ങുന്ന സംഘം കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാശം ചെങ്കുളത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികൾ പിതാവിനൊപ്പം മുമ്പ് അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന കുറത്തിക്കുടിയിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഏകദേശം ഒന്നര മാസം മുമ്പാണ് ഇവർ വല്യപാറക്കുട്ടിയിൽ എത്തിയത്. കുട്ടികളുടെ പിതാവുമായി വെള്ളിയാഴ്ച്ച ഗ്രാമ പഞ്ചായത്തധികൃതരും ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി. കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശത്ത് പകൽ സമയത്ത് കുട്ടികൾ തനിച്ചാണ് ഏറുമാടത്തിൽ ഉണ്ടാവുക. വല്യപാറക്കുട്ടിയിൽ എത്തിയ ശേഷം ഇവരുടെ വിദ്യാഭ്യാസവും നടന്നിരുന്നിരുന്നില്ല. ഭക്ഷണകാര്യങ്ങളും പരുങ്ങലിലായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഏറ്റെടുത്തിട്ടുള്ളത്. കുട്ടികളുടെ തുടർ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിഷ വി ഐ അറിയിച്ചു.