കൊമ്പൊടിഞ്ഞാലില്‍ 4 അംഗ കുടുംബം തീപിടുത്തത്തില്‍ മരിച്ച സംഭവം: 7 മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് പരാതി

അടിമാലി: അടിമാലി കൊമ്പൊടിഞ്ഞാലില്‍ 4 അംഗ കുടുംബം തീപിടുത്തത്തില്‍ മരിച്ച കേസില്‍ 7 മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് പരാതി.കഴിഞ്ഞ മേയ് 9നാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളത്തൂവല്‍ പൊലീസ് തെളിവ് ശേഖരിക്കുന്നതില്‍ മുതല്‍ ഗു രുതര വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുത ഷോര്‍ട്ട് സര്‍ക്കീറ്റാണ് തീപിടിത്തത്തിന് കാരണമെന്ന് വിലയിരുത്തി പൊലീസ് സംഭവത്തെ നിസ്സാരവല്‍ക്കരിച്ചു.
എന്നാല്‍, ജില്ലാ ഇലക്ട്രിക്കല്‍ ഇന്സ്പെക്ഷന് വിഭാഗം നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്കീറ്റിന് സാധ്യത കുറവാണന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം നടത്തി മരണ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാരും ശുഭയുടെ ബന്ധുക്കളും രംഗത്തെത്തി. ഇതോടെ ജില്ലാ പൊലീസ് മേധാവി ഇടപെട്ട് അന്നത്തെ ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. കേസില്‍ പ്രദേശവാസിയുടെ ലാപ്ടോപ്, ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇദ്ദേഹത്തെ ഇടുക്കി ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയില്‍ എടുത്ത സാമഗ്രികള്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കുന്ന തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബിന് കൈമാറിയിട്ടുണ്ട്.
ഇതിനിടെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥന് ആലപ്പുഴയിലേക്ക് സ്ഥലം മാറിപ്പോയതോടെ അന്വേഷണം മന്ദഗതിയിലായി.ലാബില്‍ നിന്നുള്ള പരിശോധനാ ഫലം വൈകുന്നതാണ് കേസ് അന്വേഷണത്തിന് തിരിച്ചടിയായ തെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഡിവൈഎസ്പി അന്വേഷിച്ച കേസ് വീണ്ടും വെള്ളത്തൂവല്‍ പൊലീസിനെ ഏല്പിച്ചതാണ് അലംഭാവത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിന് നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.



