
അടിമാലി: ഇത്തവണ നേരത്തെയെത്തിയ കാലവര്‍ഷം ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത കനത്ത മഴ മൂന്നാറിന്റെയടക്കം ടൂറിസം മേഖലക്ക് വലിയ നഷ്ടമാണ് വരുത്തിയത്. മധ്യവേനലവധി അവസാനിക്കാറായതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. മഴയെത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പാടെ ശൂന്യമായി.
വിനോദ സഞ്ചാര മേഖലക്ക് ഏറ്റവും അധികം ഉണര്‍വ്വുണ്ടാകുന്ന മാസങ്ങളാണ് ഏപ്രില്‍, മെയ് മാസങ്ങള്‍. മൂന്നാറടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ ഏറ്റവും അധികം എത്തുന്നതും ഈ കാലയളവിലാണ്. എന്നാല്‍ ഇത്തവണ നേരത്തെയെത്തിയ കാലവര്‍ഷം ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട്, ഹോംസ്റ്റേ നടത്തിപ്പുകാര്‍, ഹോട്ടലുകള്‍, ജീപ്പ് സഫാരി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മറ്റ് സാഹസിക വിനോദ സഞ്ചാരമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയൊക്കെയും മഴ പ്രതികൂലമായി ബാധിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ മേഖലയിലും സംഭവിച്ചത്.
മഴ കനത്തതോടെ വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതും ദേശിയപാതയിലെ തുടരെ തുടരെയുണ്ടായ മണിടിച്ചിലും മരംവീഴ്ച്ചയും ഗ്യാപ്പ് റോഡിലെ യാത്രാ നിരോധനവും സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും വിനോദ സഞ്ചാരമേഖലക്ക് തിരിച്ചടിയായി. മഴ കനത്തതോടെ റിസോര്‍ട്ടുകളിലേയും ഹോംസ്റ്റേകളിലേയും മുന്‍കൂട്ടിയുള്ള ബുക്കിംങ്ങുകള്‍ റദ്ദായി. ഇതിലൂടെ സ്ഥാപന നടത്തിപ്പുകാര്‍ക്ക് മാത്രം ഭാരിച്ച നഷ്ടം സംഭവിച്ചു.
ഇത്തവണ മധ്യവേനലവധി ആരംഭിച്ച ശേഷം, മെയ് മാസത്തിലാണ് ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെട്ടത്. ഈ തിരക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുമ്പോട്ട് പോകവെയാണ് കാലവര്‍ഷം നേരത്തെയെത്തിയതും പ്രതീക്ഷിക്കാത്ത നഷ്ടം സംഭവിച്ചതും. മഴ കനക്കുന്നതോടെ വരും മാസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് കുറയുമെന്നതിനാല്‍ കടക്കെണിയിലേക്ക് നീങ്ങുമോയെന്ന ആശങ്കയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്ക് വച്ചു