അടിമാലിയിൽ വീട്ടമ്മയെ കെട്ടിയിട്ട് പണം മോഷ്ടിച്ച സംഭവം: ചികിത്സാ സഹായം നൽകി യൂത്ത് കോൺഗ്രസ്

അടിമാലി: ക്യാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് ചികിത്സക്കായി കരുതിയ തുക അപഹരിച്ച സംഭവത്തില്‍ വീട്ടമ്മക്ക് കൈതാങ്ങുമായി യൂത്ത് കോണ്‍ഗ്രസ്. അപഹരിക്കപ്പെട്ട തുകക്ക് തുല്ല്യമായ തുക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീട്ടമ്മക്ക് നല്‍കി. യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയാണ് നഷ്ടപ്പെട്ട തുകയും ചികിത്സാ സഹായവും കൈമാറിയത്.
കഴിഞ്ഞദിവസം രാവിലെയായിരുന്നു ക്യാന്‍സര്‍ രോഗ ബാധിതയായ ഉഷാ സന്തോഷിനെ അടിമാലിയിലെ വീട്ടില്‍ കെട്ടിയിട്ടതിനുശേഷം മോഷ്ടാവ് പേഴ്‌സില്‍ നിന്ന് പണം കവര്‍ന്നത്. കീമോ ചികിത്സക്ക് ശേഷം അടിമാലിയിലെ വാടക വീട്ടില്‍ അവശനിലയില്‍ വിശ്രമിക്കുകയായിരുന്നു ഉഷ. ഇതിനിടെയാണ് മോഷ്ടാവെത്തി പണം കവര്‍ന്നത്. സുമനസ്സുകളുടെ സഹായത്താല്‍ സമാഹരിച്ച തുകയായിരുന്നു മോഷ്ടിക്കപ്പെട്ടത്.
പണം നഷ്ടമായതോടെ ധര്‍മ്മ സങ്കടത്തിലായ ഉഷക്കും കുടുംബത്തിനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈതാങ്ങായി എത്തി.യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി വിദേശത്തുള്ള സഹപ്രവര്‍ത്തകര്‍ വഴി നഷ്ടപ്പെട്ട തുകക്ക് തുല്യമായ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുകയും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി രോഗിക്ക് ചികിത്സ സഹായം നല്‍കുകയും ചെയ്തു. മോഷണം നടത്തിയ പ്രതിയെ ഉടനടി പിടികൂടണമെന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം മുമ്പോട്ട് വച്ചു. അതേ സമയം പണം മേഷ്ടിച്ച സംഭവത്തില്‍ പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷിന്‍സ് ഏലിയാസ്, ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് രാജീവ്, അടിമാലി മണ്ഡലം പ്രസിഡന്റ് അലന്‍ നിധിന്‍ സ്റ്റീഫന്‍, ഡിസിസി മെമ്പര്‍ വിനൂ സ്‌കറിയ, കെഎസ്യു ജില്ലാ സെക്രട്ടറി അലന്‍ സണ്ണി, ബേസില്‍ എന്നിവരാണ് വീട്ടിലെത്തി വീട്ടമ്മക്ക് തുക കൈമാറിയത്.