മാങ്കുളത്ത് അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ ശല്യം രൂക്ഷം; ഇരുചക്രവാഹന യാത്രികരും കാൽനട യാത്രക്കാരും പ്രതിസന്ധിയിൽ

അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. മാങ്കുളം ടൗണിലും പഞ്ചായത്തിൻ്റെ മറ്റിടങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കൾ ആളുകളെ വലക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം ആറാംമൈൽ ഭാഗത്ത് വച്ച് നായ കുറുകെ ചാടിയതിനെ തുടർന്ന് ഇരുചക്ര വാഹനയാത്രികൻ അപകടത്തിൽപ്പെടുകയും മുഖത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാത്രികാലത്തും പുലർച്ചെയുമാണ് മാങ്കുളം ടൗണിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ സാന്നിധ്യം കൂടുതലായി ഉള്ളത്. രാത്രികാലത്തീ നായ്ക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. പുലർച്ചെ പ്രഭാത നടത്തത്തിനടക്കം വിവിധ ആവശ്യങ്ങൾക്ക് ടൗണിലെത്തുന്ന ആളുകൾ നായ്ക്കളെ ഭയന്നാണ് സഞ്ചരിക്കുന്നത്.
കല്ലാർ മാങ്കുളം റോഡിലൂടെ സഞ്ചരിക്കുമ്പോൾ മുനിപാറ, വിരിപാറ മേഖലകളിലും റോഡിൽ നായ്ക്കളുടെ സാന്നിധ്യമുണ്ട്. പുലർച്ചെ കടന്നു പോകുന്ന ഇരുചക്രവാഹനങ്ങൾക്ക് പിറകെ ഓടി നായ്ക്കൾ ഭീതി പരത്തുന്നത് ആളുകളുടെ പരാതിക്ക് ഇടവരുത്തിയിട്ടുണ്ട്. തലനാരിഴക്കാണ് വാഹനയാത്രികരായ ആളുകൾ നായ്ക്കളുടെ കടിയേൽക്കാതെയും വാഹനം മറിഞ്ഞ് വീഴാതെയും രക്ഷപ്പെടുന്നത്. പകൽ സമയത്തും മാങ്കുളം ടൗണിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ സാന്നിധ്യമുണ്ട്. കൂടുതൽ ഇടങ്ങളിൽ ഇത്തരത്തിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ എണ്ണം വർധിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. കുട്ടികളും പ്രായമായവരും സ്ത്രീകളും വിനോദ സഞ്ചാരികളുമൊക്കെ സഞ്ചരിക്കുന്ന വഴികളിലാണ് അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ സാന്നിധ്യമുള്ളത്.
തുരത്തിയോടിക്കാൻ ശ്രമിച്ചാൽ നായ്ക്കൾ കൂടുതൽ അക്രമകാരികളാകുന്നത് ആളുകളെ വലക്കുന്നു. പഞ്ചായത്ത് പരിധിയിൽ വിവിധയിടങ്ങളിലായി അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും റോഡിൽ യാത്രക്കാരുടെ സുരക്ഷയൊരുക്കണമെന്നുമാണ് ആവശ്യം.