KeralaLatest NewsNational

രഞ്ജിതയെ അപമാനിച്ച സംഭവം; ഡെപ്യൂട്ടി തഹസില്‍ദാറെ ജോലിയില്‍ നിന്ന് ഉടന്‍ പിരിച്ചുവിട്ടേക്കും

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ ജോലിയില്‍ നിന്ന് ഉടന്‍ പിരിച്ചുവിട്ടേക്കും. എ പവിത്രന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. സര്‍ക്കാരിന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കി. ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്‍ഡിലാണ്.

നിരന്തരം അച്ചടക്കം ലംഘിക്കുകയും ആളുകളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് പവിത്രന്റെ പതിവാണെന്നാണ് റിപ്പോര്‍ട്ട്. കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് നടപടി ഏറ്റുവാങ്ങിയ ആളാണ് പവിത്രന്‍. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്‍പാണ് പവിത്രന്‍ ജോലിയില്‍ തിരികെ കയറിയത്. പിന്നാലെയാണ് രഞ്ജിതക്കെതിരെ അശ്ലീല ചുവയോടെയുള്ള കമന്റ് പങ്കുവച്ചത്. പവിത്രനെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ താലൂക്ക് ഓഫീസില്‍ എത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് എ പവിത്രനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസിന് പ്രതിയെ കൈമാറി. എന്‍എസ്എസ് കാഞ്ഞങ്ങാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രഭാകരന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപത്തിലൂടെ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ആണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചാണ് പവിത്രന്‍ ഇന്ന് ജോലിക്ക് എത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!