ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല, മാപ്പ് പറഞ്ഞിട്ടില്ല; ചർച്ചയ്ക്ക് ശേഷവും വിപിൻ കുമാർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു: അമ്മ

വിപിൻ കുമാറിനെ തള്ളി അമ്മ സംഘടന. അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ല. സൗഹൃദത്തിന്റെ പ്രശ്നങ്ങളാണുണ്ടായത്. ഉണ്ണി മുകുന്ദൻ തെറ്റുകാരനാണെന്ന നിഗമനത്തിലും എത്തിയിട്ടില്ലെന്ന് അമ്മ പ്രതിനിധി ജയൻ ചേർത്തല പറഞ്ഞു.
ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചർച്ചയ്ക്ക് ശേഷവും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വിപിൻ കുമാർ ആണ്. ബി.ഉണ്ണി കൃഷ്ണൻ പറഞ്ഞതാണ് കൃത്യം. ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ലെന്ന് ജയൻ ചേർത്തല പറഞ്ഞു.
അതേസമയം ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. രണ്ടുപേരെയും ഒന്നിച്ച് ഇരുത്തി സംസാരിച്ചു. വിപിനെതിരെ പരാതിയൊന്നും സംഘടനയ്ക്ക് ലഭിച്ചിട്ടില്ല. വിപിന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ഫെഫ്ക ഇടപെടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
‘അമ്മ’ സംഘടനയുടെ കൊച്ചിയിലെ ഓഫീസില്‍ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. വിപിനെതിരെ സിനിമാ സംഘടനകളില്‍ പരാതിയുണ്ട് എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്നും വിപിന്‍ മാനേജര്‍ ആയിരുന്നെന്നും സംഘടനകള്‍ വ്യക്തമാക്കി.
നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഉണ്ണി ഉന്നയിച്ച പല ആരോപണങ്ങളും തെറ്റാണെന്നും ചര്‍ച്ചയ്ക്ക് ശേഷം സംഘടനകള്‍ വ്യക്തമാക്കി. വിപിന്‍ ഉണ്ണിയുടെ മാനേജര്‍ ആയിരുന്നെന്നും വിപിനെതിരെ സംഘടനയില്‍ മറ്റു പരാതികള്‍ ഒന്നുമില്ല എന്നും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.