
മലയാളി സിനിമാപ്രേമികള്‍ ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം എമ്പുരാന്‍ പോലെ മറ്റൊന്ന് ഇല്ല. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന് ലഭിക്കുന്ന ഈ പ്രീ റിലീസ് ഹൈപ്പിന് കാരണം. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്റ്റര്‍ പോസ്റ്ററുകളും അവരുടെ വീഡിയോകളും അണിയറക്കാര്‍ ഇതിനകം പുറത്തുവിട്ടുകഴിഞ്ഞു. അതേസമയം ഇത്ര വലിയ ബജറ്റിലും ഹൈപ്പിലും എത്തുന്ന ചിത്രത്തിന് ആവശ്യത്തിനുള്ള പ്രൊമോഷന്‍ നടക്കുന്നുണ്ടോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ സജീവ ചര്‍ച്ചാവിഷയവുമാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനം ഔദ്യോഗികമായിത്തന്നെ എത്തിയിരിക്കുകയാണ്.
എമ്പുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഉള്ളടക്കം ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് ഹോളിവുഡിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ജിജു ജോണ്‍ ആണ്. മാര്‍ച്ച് 16 ന് ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ എമ്പുരാന്‍റെ എക്സ്ക്ലൂസീവ് ഉള്ളടക്കം പ്രദര്‍ശിപ്പിക്കും. എമ്പുരാന്‍ റിലീസിനോട് അനുബന്ധിച്ച് യുഎസില്‍ ഒരു ഫാന്‍സ് മീറ്റ് അപ്പും സംഘടിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് ഹോളിവുഡിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ആരാധകരെ അറിയിക്കും, ജിജു ജോണ്‍ അറിയിച്ചു.
യു/ എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് വിവരം. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. അതായത് 3 മണിക്കൂറോളം. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്ന് കട്ട് ചെയ്തത് വെറും 10 സെക്കന്‍ഡ് മാത്രമാണ്. ഇതില്‍ 4 സെക്കന്‍ഡ് ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം ആവശ്യാനുസരണം മാറ്റി ചേര്‍ത്തിട്ടുമുണ്ട്.