ഭീമന്‍ കിണര്‍ നികത്തി കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പിലായില്ല

അടിമാലി: വീടിനരികില്‍ സ്വകാര്യ റിസോര്‍ട്ടുകാര്‍ നിര്‍മ്മിച്ച ഭീമന്‍ കിണര്‍ നികത്തി കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഇനിയും നടപ്പിലായില്ല. ഉണ്ടാകാന്‍ ഇടയുള്ള വലിയൊരു ദുരന്തത്തെ മുമ്പില്‍ കണ്ടാണ് ആനച്ചാല്‍ ചിത്തിരപുരം സ്വദേശിയായ അയിഷയും കുടുംബവും മുമ്പോട്ട് പോകുന്നത്. തങ്ങളുടെ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ സ്വകാര്യ റിസോര്‍ട്ടുകാര്‍ ഭീമന്‍ കിണര്‍ നിര്‍മ്മിച്ചതോടെയായിരുന്നു ഈ കുടുംബത്തിന്റെ ഉറക്കം നഷ്ടമായത്.
ഈ വിഷയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് അയിഷക്കും കുടുംബത്തിനും ആശ്വാസമായി ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഉണ്ടായി. കിണര്‍ നിര്‍മ്മാണം കുടുംബത്തിന് ഭീഷണിയാണെന്നും അപകട സാധ്യത നിലനില്‍ക്കുന്നുവെന്നും കണ്ടെത്തിയതോടെ കിണര്‍ നികത്തി തല്‍സ്ഥിതിയിലാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.എന്നാല്‍ നാളിതുവരെ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പിലായില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലാകാതെ വന്നതോടെ പതിനഞ്ച് ദിവസത്തിനകം കിണര്‍ തലസ്ഥിതിയിലാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് വീണ്ടും ഉണ്ടായിട്ടുള്ളതായി കുടുംബം പറയുന്നു.
വീടിനോട് ചേര്‍ന്ന് ഭീമന്‍ കിണര്‍ നിര്‍മ്മിച്ചതോടെ ഇവിടെ മണ്ണിടിച്ചില്‍ സാധ്യത രൂപം കൊള്ളുകയായിരുന്നു. കിണറിന് വലിയ താഴ്ച്ചയുണ്ട്. അപകടാവസ്ഥയിലുള്ള വീട് ഉപേക്ഷിച്ച് പോകുക എന്നതായിരുന്നു അയിഷയുടെയും കുടുംബത്തിന്റെയും മുമ്പിലുണ്ടായിരുന്ന പോം വഴി. ഇതിനെ തുടര്‍ന്നാണിവര്‍ പരാതി നല്‍കിയത്.ഈ പരാതിയിലാണ് കുടുംബത്തിന് ആശ്വാസം നല്‍കി കിണര്‍ നികത്തി അപകട സാധ്യത ഒഴിവാക്കി നല്‍കണമെന്ന മുമ്പ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഉണ്ടായത്. ഈ ഉത്തരവ് നടപ്പിലാകാതെ വന്നതോടെയാണ് വീണ്ടും കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന ആവശ്യം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ളത്