അധിക മഴ ജാതി ജാതി കര്‍ഷകര്‍ക്ക് കടുത്ത പ്രതിസന്ധി; വെള്ളക്കായ പൊട്ടുന്നത് കര്‍ഷകര്‍ക്ക് വിനയാകുന്നു

അടിമാലി: ഇത്തവണ ലഭിച്ച അധിക മഴ ജാതി ജാതി കര്‍ഷകര്‍ക്ക് കടുത്ത പ്രതിസന്ധിയാകുന്നു. മെയ്മാസം അവസാന വാരം പെയ്ത കനത്ത മഴ കാര്‍ഷിക മേഖലക്കാകെ വലിയ നഷ്ടം വരുത്തിയിട്ടുണ്ട്. വാഴ കര്‍ഷകര്‍ക്കും ഏലം കര്‍ഷകര്‍ക്കുമാണ് അധികവും നഷ്ടം സംഭവിച്ചത്. ഇതിനൊപ്പമാണ് ജാതി കര്‍ഷകരും നഷ്ടകണക്കുകളുമായി രംഗത്ത് വന്നിട്ടുള്ളത്. അധികമായി ലഭിച്ച വേനല്‍ മഴക്കു പുറമെ കാലവര്‍ഷമെത്തിയതിന് പിന്നാലെ പെയ്ത കനത്ത മഴ കൂടിയായതോടെ ജാതിമരങ്ങളില്‍ വെള്ളക്കായ പൊട്ടുന്നതാണ് കര്‍ഷകര്‍ക്ക് വിനയായിട്ടുള്ളത്.
മൂപ്പെത്തും മുമ്പെയാണ് കായ്കള്‍ ഇത്തരത്തില്‍ ഉപയോഗശൂന്യമായി മാറുന്നത്. ഇത് വരും ദിവസങ്ങളിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. മരുന്ന് തളിച്ച് പ്രതിരോധ മാര്‍ഗ്ഗമൊരുക്കുന്നുവെങ്കിലും വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലാകുമെന്ന് ജാതി കര്‍ഷകര്‍ പറയുന്നു. മഴക്കൊപ്പം ശക്തമായി വീശിയ കാറ്റും ജാതി കര്‍ഷകര്‍ക്ക് നഷ്ടം സമ്മാനിച്ചിരുന്നു. മൂപ്പെത്തും മുമ്പെ കാറ്റില്‍ കായ്കളും പൂക്കളും വലിയ തോതില്‍ നിലംപതിച്ചതാണ് നഷ്ടക്കണക്കുകള്‍ക്ക് ഇടവരുത്തിയത്.
ജാതി കായ്ക്കും പത്രിക്കും മെച്ചപ്പെട്ട വില ലഭിക്കുന്നുവെങ്കിലും ഉത്പാദനം കുറഞ്ഞാല്‍ ഉയര്‍ന്ന വിലയുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുകയില്ല. ഇത്തവണ ലഭിച്ച വേനല്‍ മഴ ജാതി കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ പെരുമഴ ജാതി കര്‍ഷകരുടെയും പ്രതീക്ഷകള്‍ കെടുത്തി.