കൊമ്പൊടിഞ്ഞാലില്‍ ഒരു വീട്ടിലെ നാല് പേര് വെന്ത് മരിച്ച സംഭവം; സര്‍ക്കാരിനും പോലീസിനും എതിരെ ബി ജെ പി

അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരു വീട്ടിലെ നാല് പേര് വെന്ത് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് വേണ്ടത്ര ഗൗരവം പോലീസ് നല്‍കുന്നില്ലെന്ന ആരോപണവുമായി ബി ജെ പി ജില്ലാ കമ്മിറ്റി രംഗത്ത്. കഴിഞ്ഞ മാസം 10നായിരുന്നു കൊമ്പൊടിഞ്ഞാലില്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 9ന് വീടിന് തീപിടിച്ചുവെന്നാണ് അനുമാനം.
ഈ കേസിലാണിപ്പോള്‍ പോലീസിനെതിരെ വിമര്‍ശനവുമായി ബി ജെ പി ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുള്ളത്. അന്വേഷണ ചുമതലയുണ്ടായിരുന്ന ഇടുക്കി ഡി വൈ എസ് പിയെ പ്രമോഷനോട് കൂടി ആലപ്പുഴ എ എസ് പി ആയി നിയോഗിച്ചത് ഈ വിഷയത്തെ പോലീസോ സര്‍ക്കാരൊ ഗൗരവമായി കാണുന്നില്ലെന്നതിന്റെ തെളിവാണെന്ന് ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് വരകുമല അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ സംശയാസ്പദമായ പല സാഹചര്യങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരും പോലീസും വിഷയത്തിന് വേണ്ടത്ര ഗൗരവം നല്‍കുന്നില്ല. വിഷയത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ബുധനാഴ്ച്ച വിഷയത്തില്‍ പ്രതിഷേധ യോഗം വിളിച്ച് ഒപ്പ് ശേഖരണം നടത്തുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണം. അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുകയും അന്വേഷണം ഊര്ജ്ജീതമാക്കുകയും വേണമെന്നും ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് വരകുമല, ബി ജെ പി ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീന രാജു, വിവിധ ഭാരവാഹികളായ അനീഷ് സി കെ, സഹദേവന് കോനാട്ട്, സുബാഷ് കെ എ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.