മൂന്നാര്‍ സര്‍ക്കാര്‍ കോളേജിനായി എന്ന് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകും

മൂന്നാര്‍: 2018ല്‍ തകര്‍ന്ന മൂന്നാര്‍ സര്‍ക്കാര്‍ കോളേജിനായി ഇനിയും പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായില്ല. മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപമായിരുന്നു മൂന്നാര്‍ സര്‍ക്കാര്‍ കോളേജ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. എന്നാല്‍ 2018ലെ പ്രളയത്തില്‍ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടാവുകയും കെട്ടിടങ്ങള്‍ക്ക് ബലക്ഷമത ഇല്ലാതാവുകയും ചെയ്തതോടെ കോളേജിന്റെ പ്രവര്‍ത്തനം താളം തെറ്റി. ഉണ്ടായിരുന്ന കെട്ടിടങ്ങളില്‍ നിന്നും കോളേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലിക സംവിധാനത്തിലേക്ക് മാറ്റപ്പെട്ടു. അന്നു മുതല്‍ ഉയരുന്നതാണ് കോളേജിനായി പുതിയ കെട്ടിട സമുച്ചയം വേണമെന്ന ആവശ്യം. എന്നാല്‍ പ്രളയാനന്തരം വര്‍ഷം ഏഴ് പിന്നിട്ടിട്ടും പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ അനന്തമായി നീളുകയാണ്.
കോളേജിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ വേണ്ടുന്ന ഭൂമി കണ്ടെത്തുന്ന കാര്യങ്ങളിലടക്കം ഇടപെടലുകള്‍ നടന്നിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കം ഇക്കാര്യത്തില്‍ നേരിട്ടെത്തി ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷെ തുടര്‍ നടപടികളില്‍ മെല്ലപ്പോക്ക് തുടരുന്നുവെന്ന ആക്ഷേപം ശക്തമാണ്. കാര്‍ഷിക, തോട്ടം മേഖലകളിലേയും വിവിധ ആദിവാസി ഇടങ്ങളിലേയുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് സഹായകരമാകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് സ്വന്തമായി കെട്ടിട സമുച്ചയമില്ലാതെ വര്‍ഷങ്ങളായി പരിമിതികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നത്.
വര്‍ഷമിത്ര പിന്നിട്ടിട്ടും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വന്നിട്ടുള്ള കാലതാമസം വലിയ പ്രതിഷേധത്തിന് ഇടവരുത്തുകയാണ്.