
അടിമാലി: കല്ലാര്‍കുട്ടി മേഖലയിലെ പട്ടയ വിഷയത്തില്‍ തുടര്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. കല്ലാര്‍കുട്ടി ജലാശയത്തിന്റെ സമീപമേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. നിരന്തരം ആവശ്യമുന്നയിച്ചിട്ടും പട്ടയമെന്ന തങ്ങളുടെ ആവശ്യത്തോട് ബന്ധപ്പെട്ടവര്‍ മുഖംതിരിക്കുന്നുവെന്നാണ് കല്ലാര്‍കുട്ടി നിവാസികളുടെ ആക്ഷേപം. പ്രദേശവാസികളുടെ പട്ടയമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ആവശ്യം ഇനിയും ഫലപ്രാപ്തിയില്‍ എത്താത്തതില്‍ കുടുംബങ്ങള്‍ക്ക് വലിയ നിരാശയുണ്ട്.
പട്ടയ ലഭ്യതക്കായി സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന ആവശ്യം കുടുംബങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍,കൊന്നത്തടി പഞ്ചായത്തുകളില്‍ അധിവസിക്കുന്ന 3500ല്‍ അധികം കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭ്യമാക്കേണ്ടതുള്ളത്. പട്ടയവിഷയത്തില്‍ ഇടപെടല്‍ നടത്തുന്നതിനായി രൂപം കൊണ്ട് പട്ടയ അവകാശ സംരക്ഷണ വേദി മുമ്പ് വിവിധ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിരുന്നു. പട്ടയ വിഷയത്തില്‍ ഇനിയും തങ്ങള്‍ക്ക് നേരെ മുഖം തിരിക്കരുതെന്നാണ് കല്ലാര്‍കുട്ടിയിലെ കര്‍ഷക കുടുംബങ്ങളുടെ ആവശ്യം.