അടിമാലി ഗവണ്മെന്റ് സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിവാദം; അധ്യാപികയ്ക്ക് സ്ഥലംമാറ്റം

അടിമാലി : അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിവാദത്തിൽ ഒരു അധ്യാപികയ്ക്ക് സ്ഥലംമാറ്റം. സിന്ധു എന്ന അധ്യാപികയെ സ്ഥലംമാറ്റി കൊണ്ടാണ് ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.. കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് മാറ്റം. അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കാനായി ഒരു വിഭാഗം അധ്യാപകർ നടത്തിയ നീക്കത്തിന്റെയും അതിനെ തുടർന്ന് പ്രവേശനോത്സവ ദിവസം നടന്ന പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി.
അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ ഒന്നു മുതൽ 10 വരെ ക്ലാസിലെ ഒരു ഡിവിഷൻ വീതം ഇംഗ്ലീഷ് മീഡിയം ആണ്. എട്ടാം ക്ലാസിൽ നിന്ന് ഒമ്പതാം ക്ലാസിലേക്ക് 11 ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ് വിജയിച്ചത്. ഇവരുടെ രക്ഷിതാക്കളോട് ആണ് ഇനി ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ഉണ്ടാകില്ല എന്ന ഒരു വിഭാഗം അധ്യാപകർ അറിയിച്ചത്. നീക്കത്തിന് പിന്നിൽ സിന്ധു ഉൾപ്പെടെയുള്ള അധ്യാപകരാണെന്ന് ആരോപണം ഉയർന്നിരുന്നു. സ്കൂളിൽ പഠിക്കണമെങ്കിൽ മലയാളം മീഡിയത്തിലേക്ക് മാറണമെന്നും അല്ലെങ്കിൽ ടിസി വാങ്ങി പോകണം എന്നുമായിരുന്നു അധ്യാപകരുടെ ആവശ്യമെന്ന് രക്ഷിതാക്കൾ ആരോപിച്ചു..
രണ്ടു വിദ്യാർത്ഥികൾ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർന്നു. മറ്റ് വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി സ്കൂളിൽ എത്തി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാന അധ്യാപികയെ തടഞ്ഞു വച്ചു. ഇംഗ്ലീഷ് മീഡിയം നിലനിർത്തുമെന്ന ഉറപ്പ് കിട്ടിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.