KeralaLatest NewsLocal news

മാങ്കുളത്ത് കേരളബാങ്ക് എ ടി എം കൗണ്ടര്‍ വേണം…


മാങ്കുളം: മാങ്കുളത്ത് കേരളബാങ്കിന്റെ എ ടി എം കൗണ്ടര്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യം. മുമ്പുണ്ടായിരുന്ന എ ടി എം കൗണ്ടര്‍ പ്രവര്‍ത്തനക്ഷമമല്ലാതായതോടെ ഇടപാടുകാര്‍ വലയുകയാണെന്ന് കോണ്‍ഗ്രസ് ഡി സി സി അംഗവും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ഇ ജെ ജോസഫ് പറഞ്ഞു. മാങ്കുളം ടൗണിന്റെ ഭാഗമായ പള്ളിസിറ്റിയിലായിരുന്നു മുമ്പ് കേരള ബാങ്ക് ശാഖയും എ ടി എം കൗണ്ടറും പ്രവര്‍ത്തിച്ചിരുന്നത്.

പിന്നീട് ബാങ്ക് ഓഫീസ് ടൗണില്‍ റേഷന്‍കട സിറ്റി ഭാഗത്തേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ അടച്ച എ ടി എം കൗണ്ടര്‍ പിന്നീട് പുതിയ ബ്രാഞ്ച് ഓഫീസിന്റെ ഭാഗമായി പുതിയ സ്ഥലത്ത് പ്രവര്‍ത്തനമാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെന്നും എന്നാല്‍ നാളുകള്‍ ഏറെ പിന്നിട്ടിട്ടും പുതിയ സ്ഥലത്ത് എ ടി എം കൗണ്ടര്‍ തുറക്കുന്നതിനോ പഴയ എ ടി എം കൗണ്ടര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനോ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

മാങ്കുളത്തെ കേരളാ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് എ ടി എം കൗണ്ടര്‍ വഴി പണമിടപാടുകള്‍ നടത്തണമെങ്കില്‍ മറ്റൊരു ബാങ്കിന്റെ എ ടി എം കൗണ്ടറിനെ ആശ്രയിക്കേണ്ടതായി വരുന്നുവെന്നും ഇത് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് ഇടവരുത്തുന്നുവെന്നുമാണ് പരാതി. കേരള ബാങ്കിന്റെ എ ടി എം കൗണ്ടര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മറ്റ് ബാങ്കുകളുടെ ഇടപാടുകാര്‍ക്കും മാങ്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്കും സഹായകരമാകും.കേരള ബാങ്കിന്റെ മാങ്കുളം ശാഖയില്‍ നിലവില്‍ മാനേജരില്ലാത്തതും പരാതിക്ക് ഇടവരുത്തുന്നുണ്ട്.

ദൂരെ ഇടങ്ങളില്‍ നിന്നും വാഹനക്കൂലി മുടക്കി ലോണ്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റുമായി ഇടപാടുകാര്‍ എത്തുമ്പോള്‍ മാനേജരില്ലാത്തതിനാല്‍ നിരാശരായി മടങ്ങേണ്ടുന്ന സ്ഥിതിയുണ്ടെന്നും ആക്ഷേപമുയരുന്നു. കളക്ഷന്‍ ജീവനക്കാരെ ഫീഡര്‍ കാറ്റഗറിയില്‍പ്പെടുത്തുമെന്നും അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനം നടപ്പാക്കണമെന്നും ഇ ജെ ജോസഫ് ആവശ്യപ്പെട്ടു. ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാത്തപക്ഷം സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഇ ജെ ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!