KeralaLatest NewsLocal news

ഗ്യാപ്പ് റോഡിലെ യാത്രാ നിരോധനം; ചിന്നക്കനാല്‍ മേഖലയില്‍ പഠിക്കുന്ന മൂന്നാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ക്ലേശം

മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ചിന്നക്കനാല്‍ മേഖലയിലെ സ്‌കൂളുകളില്‍ പഠനം നടത്തുന്ന മൂന്നാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളാണ്.കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതയും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം ദേവികുളം ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ആദ്യഘട്ടത്തില്‍ രാത്രിയാത്രക്കായിരുന്നു നിയന്ത്രണമെങ്കില്‍ ഇപ്പോള്‍ പകല്‍ സമയത്തും യാത്ര അനുവദനീയമല്ല.

ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ചിന്നക്കനാല്‍ മേഖലയിലെ സ്‌കൂളുകളില്‍ പഠനം നടത്തുന്ന മൂന്നാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍.ഇന്ന് രാവിലെ വിദ്യാര്‍ത്ഥികളുമായി ഗ്യാപ്പ് റോഡിലൂടെ കടന്നു പോകാന്‍ എത്തിയ സ്‌കൂള്‍ ബസ് പോലീസ് മടക്കി അയച്ചിരുന്നു. സ്‌കൂള്‍ ബസ് വിദ്യാര്‍ത്ഥികളുമായി മറ്റൊരു വഴിയെ സഞ്ചരിച്ചാണ് സ്‌കൂളില്‍ എത്തിയത്.ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനം ഉണ്ടാകുന്ന എല്ലാ മഴക്കാലത്തും ചിന്നക്കനാലില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ട്.

ഗ്യാപ്പ് റോഡിലെ യാത്ര നിരോധിക്കുന്നതോടെ മുക്കാല്‍ മണിക്കൂറോളം സമയം കൊണ്ട് സ്‌കൂളുകളില്‍ എത്താന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര മണിക്കൂറിലധികം സമയം യാത്രക്കായി വേണ്ടി വരുന്നു.ഇരട്ടിയിലധികം കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് വേണം കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ എത്താന്‍.ചെറിയ ക്ലാസുകളിലെ കുട്ടികളും ഇത്തരത്തില്‍ യാത്ര ചെയ്യണം.മഴ കനക്കുമ്പോള്‍ ദേവികുളം താലൂക്കില്‍ അവധി പ്രഖ്യാപിക്കുകയും ഉടുമ്പന്‍ചോല താലൂക്കില്‍ അവധി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യവും വിദ്യാര്‍ത്ഥികളെ വലക്കും.നിലവില്‍ ദേവികുളം മുതല്‍ പൂപ്പാറ വരെയുള്ള ഭാഗത്താണ് യാത്രാ നിരോധനമുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!