അടിമാലി ടൗണില്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് ഭാഗത്ത് ദേശിയപാതയില്‍ വെള്ളക്കെട്ട്; നടപടി വേണമെന്നാവശ്യം

അടിമാലി: മഴ പെയ്യുന്നതോടെ അടിമാലി ടൗണില്‍ ദേശിയപാതയില്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് ഭാഗത്തുണ്ടാകുന്ന വെള്ളക്കെട്ട് പ്രതിസന്ധിയാകുന്നു. പാതയോരത്തോട് ചേര്‍ന്ന് വലിയ തോതില്‍ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ് പരാതികള്‍ക്ക് ഇടവരുത്തിയിട്ടുള്ളത്. വെള്ളക്കെട്ട് രൂപം കൊള്ളുന്നതോടെ കാല്‍നടയാത്രയും വാഹനയാത്രയും ഒരേ പോലെ ക്ലേശകരമാകും. സദാസമയവും വിദ്യാര്‍ത്ഥികളും പ്രായമായവരുമൊക്കെ കാല്‍നടയാത്രക്കാരായി ഉള്ളപ്രദേശമാണിവിടം.
നൂറ് കണക്കിന് വാഹനങ്ങളും കടന്നു പോകുന്നു. ഇവര്‍ക്കു മാത്രമല്ല വ്യാപാരികള്‍ക്കും വെള്ളക്കെട്ട് വെല്ലുവിളിയാവുകയാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വെള്ളം തെറിക്കുന്നത് പരസ്പരം വാക്ക് തര്‍ക്കങ്ങള്‍ക്ക് വരെ ഇടവരുത്താറുണ്ട്. അധികമായി വെള്ളമുയര്‍ന്നാല്‍ റോഡിനോട് ചേര്‍ന്ന് താഴ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കടകളിലേക്കും വെള്ളമൊഴുകിയെത്തും. ദേശിയപാത നവീകരണത്തിന്റെ ഭാഗമായി നടത്തിയ ചില ജോലികള്‍ വെള്ളക്കെട്ടിനാക്കം കൂട്ടി. വെള്ളം കൃത്യമായി ഒഴുകി പോകുവാനുള്ള വഴിയൊരുക്കി ബന്ധപ്പെട്ടവര്‍ വെള്ളക്കെട്ടൊഴിവാക്കാന്‍ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.