കോട്ടപ്പാറ വ്യൂ പോയിന്റില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങുന്നു

അടിമാലി: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ കോട്ടപ്പാറ വ്യൂ പോയിന്റില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങുന്നു. ദിവസവും നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടങ്ങളിലൊന്നാണ് കോട്ടപ്പാറ വ്യൂ പോയിന്റ്. ദൂരേക്കുള്ള പരന്ന കാഴ്ച്ചകളും കുളിരാര്‍ന്ന അന്തരീക്ഷവുമാണ് സഞ്ചാരികളെ കൂടുതലായി ഇവിടേക്കാകര്‍ഷിക്കുന്നത്.
മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇടത്താവളങ്ങളിലൊന്നായ കോട്ടപ്പാറ വ്യൂ പോയിന്റില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങുകയാണ്. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ നേതൃത്വത്തില്‍ ഇവിടെ വാച്ച് ടവറിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ലൈറ്റ് ഹൗസ് മാതൃകയിലാണ് വാച്ച് ടവര്‍ നിര്‍മ്മിക്കുന്നത്.കോട്ടപ്പാറ വ്യൂ പോയിന്റിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്കുമാര്‍ പറഞ്ഞു. കുരിശുപാറ സ്വദേശി എ ബി സുരേന്ദ്രന് സൗജന്യമായി വിട്ടു നല്കിയ ഭൂമിയിലാണ് വാച്ച് ടവറിന്റെ നിര്‍മ്മാണം നടക്കുന്നത്.
വാച്ച് ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കോട്ടപ്പാറയുടെയും സമീപ പ്രദേശങ്ങളുടെയും കാഴ്ച്ചകള്‍ കൂടുതല്‍ ഉയരത്തില്‍ നിന്ന് വിശാലമായി കണ്ടാസ്വദിക്കാനാകും. വാച്ച് ടവറിനോടനുബന്ധിച്ച് ശുചിമുറികളടക്കം കൂടുതല്‍ അടിസ്ഥാന സൗകര്യ വര്‍ധനവിനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.