
പട്ടിക വര്‍ഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന സിക്കിള്‍ സെല്‍ അനീമിയ രോഗ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെയും പരിശോധന കളുടെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാകുന്നേല്‍ നിര്‍വഹിച്ചു.
പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥ് അധ്യക്ഷത വഹിച്ചു.
ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ് വിഷയാവതരണം നടത്തി.
മൂലമറ്റം മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഓഫീസര്‍ ഡോ. അയ്യപ്പദാസ് സിക്കിള്‍ സെല്‍ അനീമിയ രോഗം സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
അരിവാള്‍ കോശ രോഗം അവബോധ സന്ദേശമുയര്‍ത്തി ചുവന്ന ബലൂണുകള്‍ പിടിച്ച് കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരും റെഡ് വാക്കത്തോണ്‍ സംഘടിപ്പിച്ചു.
ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീ മെട്രിക് ഹോസ്റ്റലുകളിലും ആദ്യഘട്ടമായി ബോധവല്‍ക്കരണ ക്ലാസുകളും തുടര്‍ന്ന് പരിശോധനകളും നടത്തും. ഇതിനായി സ്‌ക്രീനിംഗ് കിറ്റുകള്‍ പട്ടികവര്‍ഗ വികസന വകുപ്പ് ലഭ്യമാക്കും.
പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ.എന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമിന എസ്.ആര്‍, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്‍ന്റ് ജിജിന്‍ മാത്യു, ഇടുക്കി ഐ.റ്റി.ഡി.പ്രൊജക്ട് ഓഫീസര്‍ ജി. അനില്‍കുമാര്‍, മീഡിയ ഓഫീസര്‍ ഡോ. ഷൈലഭായി വി.ആര്‍, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.