നിയന്ത്രണം നഷ്ടപ്പെട്ട ബൊലേറോ പിക്കപ്പ് മൂന്നാറിൽ നിന്നും കോതമംഗലത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലും ബൊലേറോ ജീപ്പിലും സ്കൂട്ടറിലും ഇടിച്ച് അപകടം; പിക്കപ്പ് ജീപ്പ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോതമംഗലം : കുത്തുകുഴി സങ്കീർത്തനം ഓഡിറ്റോറിയത്തിന് സമീപം ആണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നും വന്ന ബൊലേറോ പിക്കപ്പ് മൂന്നാറിൽ നിന്ന് കോതമംഗലത്തേക്ക് വരുന്ന കോതമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിലേക്ക് ആണ് പാഞ്ഞു കയറിയത്.

അമിത വേഗതയിൽ എത്തിയ പിക്കപ്പ് എതിരെ വന്ന വാഹനത്തിന് ഓവർടേക്ക് ചെയ്യുന്നതിന് ഇടയിലാണ് ബസ്സിലേക്ക് ഇടിച്ചത് .തുടർന്ന് ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ബോലോറോ ജീപ്പിലും സ്കൂട്ടറിലും ഇടിച്ചു.

അപകടത്തെ തുടർന്ന് പിക്കപ്പ് ജീപ്പ് ഡ്രൈവർക്ക് പരിക്കേൽക്കുകയും ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റാർക്കും പരിക്കുകൾ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിക്കപ്പ് ജീപ്പിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമികമായ വിലയിരുത്തൽ.