
മൂന്നാര്‍: മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും രാത്രികാല യാത്രാ നിരോധനം. മഴയുടെ കാര്യത്തില്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ഈ മാസം 17 വരെ ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ മാസം 17 വരെയാണ് ഇതുവഴി രാത്രിയാത്രക്ക് നിരോധനം. പകലും രാത്രിയിലും ഗ്യാപ്പ് റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. ഇത്തവണ പെയ്ത വേനല്‍ മഴയില്‍ ഗ്യാപ്പ് റോഡില്‍ നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
പിന്നീട് തുടര്‍ച്ചയായി മഴ പെയ്യുകയും മെയ് അവസാനവാരത്തോടെ കാലവര്‍ഷം എത്തുകയും ചെയ്തതോടെ ഗ്യാപ്പ് റോഡില്‍ പലയിടത്തും ഉറവച്ചാലുകള്‍ രൂപം കൊണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇതുവഴിയുള്ള യാത്രക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുകയും ചെയ്തു. പിന്നീട് മഴയുടെ ശക്തി കുറഞ്ഞതോടെയായിരുന്നു ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രാ നിരോധനം നീങ്ങിയത്. ഒരാഴ്ച്ചത്തെ ഇടവേളക്ക് ശേഷം മഴ വീണ്ടും കനത്തതോടെ പലയിടത്തും വീണ്ടും ഉറവച്ചാലുകള്‍ രൂപം കൊണ്ടിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യത മുമ്പില്‍ കണ്ടാണ് 17വരെ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രദേശവാസികളായ ആളുകള്‍ മാത്രമല്ല നിരവധി വിനോദ സഞ്ചാരികളും ഗ്യാപ്പ് റോഡിന്റെ ഭംഗിയാസ്വദിക്കാന്‍ ഇവിടേക്കെത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍.