ദേവികുളം താലൂക്കില്‍ പരക്കെ മഴ; വാളറ കാവേരിപ്പടിക്ക് സമീപം മണ്‍തിട്ടയില്‍ നിന്നിരുന്ന ഭീമന്‍ ഇല്ലിത്തുറു റോഡിലേക്ക് പതിച്ചു

അടിമാലി: ഇന്നലെ രാത്രി മുതല്‍ ദേവികുളം താലൂക്കില്‍ പരക്കെ മഴ പെയ്യുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതി ശക്തമായ മഴയും പെയ്തു.തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടു. നവീകരണ ജോലികള്‍ നടക്കുന്ന ദേശിയപാത 85ലാണ് കൂടുതലായി മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നത്. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ വാളറ കാവേരിപ്പടിക്ക് സമീപം നേരിയ മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. മണ്‍തിട്ടയില്‍ നിന്നിരുന്ന ഭീമന്‍ ഇല്ലിത്തുറു റോഡിലേക്ക് പതിക്കുകയായിരുന്നു. ദേശിയപാതയില്‍ മണ്ണ് നീക്കിയ ഇടങ്ങളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ പലതും അപകടഭീഷണി അഭിമുഖീകരിക്കുന്നുണ്ട്.
പരക്കെ മഴ ലഭിച്ചതോടെ വിവിധ അണക്കെട്ടുകളിലേക്കൊഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും വര്‍ധിച്ചു .കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, പൊന്‍മുടി അണക്കെട്ടുകളിലേക്കും കൂടുതല്‍ വെള്ളം ഒഴുകിയെത്തി. വിനോദ സഞ്ചാര മേഖലയേയും മഴ പ്രതികൂലമായി ബാധിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സാഹസിക വിനോദ സഞ്ചാരത്തിനും ജലവിനോദങ്ങള്‍ക്കും നിയന്ത്രണമുണ്ട്്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഈ മാസം 17 വരെ രാത്രിയാത്രക്ക് നിരോധനമുണ്ട്. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങളും ജാഗ്രത പുലര്‍ത്തിപ്പോരുകയാണ്