
അടിമാലി: ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. പരക്കെ മഴ പെയ്തതോടെ ജില്ലയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പെ തന്നെ ഇത്തവണ ജില്ലയിലെ അണക്കെട്ടുകള്‍ ജലസമൃദ്ധമായിരുന്നു. ഇടുക്കി അണക്കെട്ടില്‍ മാത്രമാണ് ജലനിരപ്പ് താഴ്ന്ന് നില്‍ക്കുന്നത്. 2403 അടി പരമാവധി സംഭരണ ശേഷിയുള്ള ഇടുക്കി അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 2343. 24 അടിയാണ്. ജലനിരപ്പ് ഉയര്‍ന്ന് 2365 അടിയിലെത്തിയാല്‍ ബ്ലൂ അലലര്ട്ട് പ്രഖ്യാപിക്കും. 2371 അടിയില്‍ ഓറഞ്ച് അലര്‍ട്ടും, 2372 അടിയില്‍ എത്തുമ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.
ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തിയതിനെ തുടര്‍ന്ന് കല്ലാര്‍കൂട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 456. 59 അടിയാണ് കല്ലാര്‍കൂട്ടി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. പൊന്മുടി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് അടുക്കുകയാണ്. നിലവില്‍ അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറില്‍ മഴ ശക്തമായാല്‍ പൊന്മുടിയും തുറക്കേണ്ടി വരും. കാലവര്‍ഷ ആരംഭത്തില്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയിരുന്നു. മലങ്കര, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍, ഇരട്ടയാര്‍ അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്.
അണക്കെട്ടുകളുടെയെല്ലാം വ്യഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. തോടുകളിലും പുഴകളിലും ഒഴുക്ക് വര്‍ധിച്ചു. വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധമായി.മാര്‍ച്ച് മാസം മുതല്‍ വേനല്‍ മഴ ലഭിച്ചതിനാല്‍ അണക്കെട്ടുകളുടെ സംഭരണശേഷിയെ ഇത്തവണ വേനല്‍ വലിയ തോതില്‍ ബാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണിപ്പോള്‍ കാലവര്‍ഷം കൂടി കനത്ത് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുള്ളത്