ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡിലെ കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നു

അടിമാലി: ദേശിയപാത 85നേയും ദേശിയപാത 185നേയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡുകളില്‍ ഒന്നാണ് ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡ്.നാളുകള്‍ക്ക് മുമ്പ് റോഡ് നവീകരണത്തിന് തുക അനുവദിക്കുകയും ഇരുന്നൂറേക്കര്‍ മുതല്‍ മെഴുകുംചാല്‍ വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികള്‍ നടത്തുകയും ചെയ്തു.എന്നാല്‍ ഇടഭാഗത്തായുള്ള നാല് കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ ടാറിംഗ് വേണ്ടരീതിയില്‍ നടക്കാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതുമൂലം മന്നാങ്കാല മുതല്‍ മച്ചിപ്ലാവ് വരെയുള്ള ഭാഗത്തെ റോഡ് യാത്രക്കാരുടെ നടുവൊടിക്കുകയാണ്. മന്നാങ്കാല മുതല്‍ മച്ചിപ്ലാവ് വരെയുള്ള ഭാഗത്ത് റോഡില്‍ ചെറുതും വലുതുമായ നിരവധി കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. മഴ പെയ്തതോടെ ഈ കുഴികളില്‍ വെള്ളം കെട്ടികിടക്കുക കൂടി ചെയ്യുന്നത് യാത്ര കൂടുതല്‍ ദുരിതമാക്കുന്നു.
വാഹനയാത്ര മാത്രമല്ല കാല്‍നടയാത്രയും ഇതുവഴി ദുസഹമായി. തുടര്‍ച്ചയായി മഴ പെയ്യുന്നതോടെ രൂപം കൊണ്ടിട്ടുള്ള കുഴികള്‍ വലുതാകുകയും വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്യും. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിങ്ങനെ കഴിഞ്ഞ കുറേക്കാലങ്ങളായി നാട്ടുകാരുടെ നടുവൊടിക്കുന്നത്.