മില്‍മയുടെ ഭൂമി ഏറ്റെടുക്കാനുള്ള കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധം തുടരുന്നു

മൂന്നാര്‍: മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയുടെ ശീതീകരണ പ്ലാന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധം തുടരുന്നു. ഇക്കാ നഗറില്‍ 2 ഏക്കര്‍ ഭൂമിയിലാണ് മില്‍മയുടെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മില്‍മയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന മാര്‍ക്കറ്റിങ് ഹബ്, സംസ്ഥാനത്തെ വിവിധ ക്ഷീര സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
രണ്ടു വര്‍ഷം മുമ്പ് കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി. മികച്ച നിലയില്‍ പ്രവര്‍ത്തനം നടന്നു വരുന്നതിനിടയിലാണ് ക്ഷീരവികസന വകുപ്പിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഭൂമി ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചത്.കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ ഈ നടപടിക്കെതിരെ മില്‍മയുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് മില്‍മയുടെ ആരോപണം.
ചര്‍ച്ചകള്‍ ഇല്ലാതെ വിഷയത്തില്‍ കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡ് ഏകപക്ഷീയ തീരുമാനങ്ങളുമായി മുമ്പോട്ട് പോകുകയാണെങ്കില്‍ തങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരുമെന്നും മില്‍മ ഭാരവാഹികള്‍ പറഞ്ഞു. കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ നടപടിക്കെതിരെ മില്‍മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ധര്‍ണ്ണാസമരം ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. അതേ സമയം സര്‍ക്കാരിന്റെ ഉത്തരവു പ്രകാരം പരിശീലന കേന്ദ്രം ഉള്‍പ്പെടെയുളളവ മില്‍മയില്‍ നിലനിര്‍ത്തി കൊണ്ട് ശേഷിച്ച ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നാണ് വിഷയത്തില്‍ കേരള ലൈവ് സ്റ്റോക്ക് ബോര്‍ഡിന്റെ വിശദീകരണം.