
മൂന്നാര്‍: പൂജാവധി ആഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തുടര്‍ച്ചയായി എത്തിയിട്ടുള്ള അവധി ദിവസങ്ങളാണ് മൂന്നാറടക്കമുള്ള ടൂറിസം മേഖലകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. പൂജാവധി ആഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. മൂന്നാറില്‍ മാത്രമല്ല മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട തുടങ്ങിയ പരിസരപ്രദേശങ്ങളിലേക്കും സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചിരുന്നു. വ്യാപാര മേഖലക്കും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സ്‌പൈസസുകളിലും ബോട്ടിംഗ് കേന്ദ്രങ്ങളിലുമെല്ലാം സഞ്ചാരികളുടെ തിരക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമെല്ലാം സഞ്ചാരികള്‍ മുമ്പെ ബുക്കിംഗ് നടത്തിയിട്ടുണ്ട്. സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ദേശിയപാത85ലും മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാനപാതയിലും ഗതാഗതകുരുക്കും വര്‍ധിച്ചു.
തദ്ദേശിയ വിനോദ സഞ്ചാരികള്‍ക്ക് പുറമെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. ഓണക്കാലത്ത് തുടര്‍ച്ചയായി മഴ പെയ്തത് വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായിരുന്നു. പൂജാവധി കാലത്തെ തിരക്ക് പോയ ദിവസങ്ങളിലെ നഷ്ടം നികത്തുമെന്നാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. പൂജാവധി ആഘോഷങ്ങള്‍ക്ക് ശേഷം ദീപാവലി ആഘോഷവും തൊട്ടുപിറകെ പുതുവത്സരാഘോഷങ്ങള്‍ കൂടി എത്തുന്നതോടെ വിനോദസഞ്ചാര മേഖല കൂടുതല്‍ സജീവമാകും