
അടിമാലി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയില്‍ അടിമാലി മേഖലയില്‍ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അടിമാലി അമ്പലപ്പടിയില്‍ വീടിന്റെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു.മണലേല്‍ ഷാജിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്ന് വലിയ ഗര്‍ത്തം ഉണ്ടായിട്ടുള്ളത്.13 കോല്‍ താഴ്ച്ചയുള്ള കിണറാണ് ഇടിഞ്ഞ് പോയത്.
കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോര്‍ അടക്കമുള്ള സാധന സാമഗ്രികളും നശിച്ചു. എഴുപത്തഞ്ച് വര്‍ഷത്തോളം പഴക്കമുള്ള കിണറാണ് ഈ കാലവര്‍ഷക്കെടുതിയില്‍ ഇല്ലാതായത്. കിണര്‍ ഇടിഞ്ഞ് താഴ്ന്നത് പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. റവന്യു അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. അടിമാലി കുമളി ദേശിയപാതയില്‍ കോളേജ് കുന്നിന് സമീപം നേരിയ മണ്ണിടിച്ചില്‍ ഉണ്ടായി.
മണ്‍തിട്ടയിടിഞ്ഞ് റോഡരികിലേക്കെത്തുകയായിരുന്നു.ഈ ഭാഗത്തുണ്ടായിരുന്ന വഴിയോരക്കടയും മണ്ണിനൊപ്പം നിരങ്ങി റോഡരികിലേക്കെത്തി. ഈ വാഹനയാത്രികരുടെ കാഴ്ച്ച മറക്കുന്നുണ്ട്. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ കൂമ്പന്‍പാറക്ക് സമീപവും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുണ്ട്. നവീകരണജോലികളുടെ ഭാഗമായി മണ്ണ് നീക്കിയ ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായതാണ് പ്രതിസന്ധിയായിട്ടുള്ളത്. ഇതിന് മുകള്‍ ഭാഗത്തുള്ള രണ്ട് വീടുകള്‍ അപകടാവസ്ഥയിലാണ്. കല്ലാര്‍ മാങ്കുളം റോഡില്‍ പീച്ചാടിന് സമീപം വലിയ ഉണക്കമരം റോഡിലേക്ക് പതിച്ചു. തലനാരിഴക്കാണ് വാഹനയാത്രികര്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്