KeralaLatest NewsLocal news

തണല്‍ പദ്ധതി: 36 അപേക്ഷകള്‍ നിരീക്ഷണത്തിന്

ഇടുക്കി : ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതിയായ തണലില്‍ ആദ്യഘട്ടത്തില്‍ 36 അപേക്ഷകള്‍ ലഭിച്ചു. ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ കാര്യങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുകൂലമായി പുറപ്പെടുവിക്കുന്ന ട്രൈബ്യൂണല്‍ ഉത്തരവുകള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യം. തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കുകളില്‍ നിന്ന് തിരഞ്ഞെടുത്ത 18 വോളന്റിയര്‍മാരാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. ആറു മാസത്തേക്കാണ് പരാതികള്‍ നിരീക്ഷിക്കുന്നത്. കോളുകളിലൂടെയോ സന്ദര്‍ശനങ്ങളിലൂടെയോ പ്രതിമാസ ഫോളോ അപ്പുകള്‍ നടത്തിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ആദ്യമാസത്തെ നിരീക്ഷണത്തിന് ശേഷം കുടുംബത്തില്‍ നിന്നുള്ള അവഗണനയും ചൂഷണങ്ങളും, സ്വത്ത് തര്‍ക്കങ്ങള്‍, ഉടമസ്ഥാവകാശ രേഖകളില്‍ കൃത്രിമത്വം കാണിക്കുന്നത്, ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരില്‍ ഏകാന്തത, മാനസിക സാമൂഹിക ഒറ്റപ്പെടലുകള്‍, ഓര്‍മ്മക്കുറവ്, ചലനശേഷി പരിമിതി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍, മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, അനധികൃത മരം മുറിക്കല്‍, ഭൂമി കൈയേറ്റം, തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരാതികള്‍ ലഭിച്ചത്.

വോളന്റിയര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും രണ്ടു കേസുകള്‍ വീതമാണ് നല്‍കിയത്. വോളന്റിയര്‍ പരാതിക്കാരുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. അടുത്ത അഞ്ച് മാസത്തേക്ക് ഫോളോ-അപ്പ് തുടരും. ആവശ്യാനുസരണം നിയമസഹായം, സാമൂഹിക പിന്തുണ, പരിചരണത്തിനായുള്ള കേസുകള്‍ റഫര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കും. ആറുമാസത്തിനുശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!