എന്നീ റോഡ് ടാര്‍ ചെയ്യും; ശിലാഫലകത്തില്‍ ചെരുപ്പ് മാല തൂക്കി പ്രദേശവാസികളുടെ പ്രതിഷേധം

അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം കനക്കുന്നു. നിര്‍മ്മാണജോലികള്‍ ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ടാറിംഗ് ജോലികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് നിര്‍മ്മാണ ഉദ്ഘാടനം നടത്തി സ്ഥാപിച്ച ശിലാഫലകത്തില്‍ പ്രദേശവാസികള്‍ ചെരുപ്പ് മാല തൂക്കി പ്രതിഷേധിച്ചു.
നാളുകള്‍ക്ക് മുമ്പ് റോഡില്‍ മണ്ണ് ജോലികള്‍ നടത്തി മെറ്റല്‍ വിരിച്ചിരുന്നു.തുടര്‍ ജോലികള്‍ നടക്കാതെ വന്നതോടെ ഈ കല്ലുകള്‍ ഇളകി യാത്ര ദുഷ്‌ക്കരമായി. റോഡില്‍ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞുള്ള അപകടങ്ങളും ആവര്‍ത്തിക്കുകയാണ്. മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നാണ് പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്. ആദിവാസി ഇടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പുറം ലോകത്തേക്ക് യാത്ര ചെയ്യാനുള്ള ഒരേ ഒരു മാര്‍ഗ്ഗമാണീ പാത.
2018ലെ പ്രളയകാലത്തായിരുന്നു ഈ റോഡ് തകര്‍ന്നത്. 2019ലെ മഴക്കെടുതി കൂടിയായതോടെ റോഡിന്റെ സ്ഥിതി കൂടുതല്‍ മോശമായി. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 2022 മാര്‍ച്ച് 26ന് നിര്‍മ്മാണ ഉദ്ഘാടനം നടത്തി റോഡ് പണികള്‍ക്ക് തുടക്കം കുറിച്ചെങ്കിലും രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടുമ്പോഴും ടാറിംഗ് ജോലികള്‍ നടത്തിയിട്ടില്ല.വരുന്ന മഴക്കാലത്തിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നാട്ടുകാരുടെ യാത്ര കൂടുതല്‍ ദുരിതത്തിലാകും.