വനംവകുപ്പ് നടപ്പിലാക്കുന്ന വിത്തൂട്ട് പദ്ധതിക്ക് മൂന്നാര്‍ മേഖലയിലും തുടക്കം കുറിച്ചു

മൂന്നാര്‍: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് വനംവകുപ്പ് നടപ്പിലാക്കുന്ന വിത്തൂട്ട് പദ്ധതിക്ക് മൂന്നാര്‍ മേഖലയിലും തുടക്കം കുറിച്ചു. വനങ്ങളുടെ ആരോഗ്യം പ്രാദേശിക സസ്യങ്ങളുടെ സാന്നിധ്യവുമായി അഭേദ്യബന്ധമുള്ളതാണ്. അധിനിവേശ സസ്യങ്ങളുടെ ബാഹുല്യമേറിയതും കാട്ടുതീ ബാധിക്കുന്നതുമെല്ലാം വനത്തിന്റെ ആരോഗ്യം ക്ഷയിക്കാന്‍ ഇടവരുത്തിയിട്ടുണ്ട്. ഇത് മനുഷ്യ വന്യജീവി സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുള്ളതായാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
വനത്തിന്റെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനൊപ്പം മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് വനംവകുപ്പ് വിത്തൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍ മേഖലയിലും വിത്തൂട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇടമലക്കുടി കേപ്പക്കാട് വനമേഖലയിലാണ് വനം വകുപ്പ് വിത്തൂട്ട് പദ്ധതിയുടെ ഭാഗമായി വിത്തുണ്ടകള്‍ വിതറിയത്. അഡ്വ. എ രാജ എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രണ്ടായിരത്തോളം വിത്തുണ്ടകളാണ് വനമേഖലയില്‍ നിക്ഷേപിച്ചത്. വനത്തിനുള്ളില്‍ വകുപ്പ് നടപ്പിലാക്കുന്ന ഫുഡ്, ഫോഡര്‍, വാട്ടര്‍ എന്ന ബൃഹദ് പദ്ധ തിയുടെ ഭാഗമായിട്ടാണ് വിത്തൂട്ട് പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നത്. വിത്തുണ്ടകളുടെ വിതരണ പദ്ധതി സംസ്ഥാന വനംവകുപ്പും, പീച്ചി വനഗവേ ഷണകേന്ദ്രവും സംയുക്തമായിട്ടായിരിക്കും നടപ്പിലാക്കുക. മൂന്നാര്‍ റെയിഞ്ചോഫീസര്‍ ബിജു, മൂന്നാര്‍, മാങ്കുളം ഫോറസ്റ്റ് റെയിഞ്ചുകളിലെ ഉദ്യോഗസ്ഥര്‍, ഇടമലക്കുടി നിവാസികള്‍, വിവിധ എന്‍ജിയോ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
വനത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ക്ക് തീറ്റയുടെ ലഭ്യത വര്‍ധിച്ച് നല്‍കുകയെന്നതാണ് പദ്ധതി കൊണ്ട് വനംവകുപ്പ് പ്രധാനമായി ലക്ഷ്യമിടുന്നത്.