
അടിമാലി: പള്ളിവാസല്‍ പഞ്ചായത്തിനേയും അടിമാലി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പീച്ചാട് പ്ലാമല കുരങ്ങാട്ടി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം. മാങ്കുളത്തു നിന്നും അടിമാലിയിലേക്കെത്തിനുള്ള ദൂരം കുറഞ്ഞ റോഡിന്റെ ഭാഗമാണ് ഈ റോഡ്. അടിമാലിയില്‍ നിന്നും കല്ലാര്‍ വഴി മാങ്കുളത്തെത്താന് 35 കിലോമീറ്ററോളം സഞ്ചരിക്കണം.
ഇതിനായി ഒന്നര മണിക്കൂറോളം സമയം വേണ്ടി വരും. അതേ സമയം പീച്ചാട് നിന്ന് കുരങ്ങാട്ടിയിലെത്തുന്ന വഴി സഞ്ചരിച്ച് അടിമാലിയിലെത്താന്‍ കുറഞ്ഞ ദൂരം മതിയെന്നതിനൊപ്പം സമയ ലാഭവും ഏറെയാണ്. ഈ സാഹചര്യത്തിലാണ് അഞ്ച് കിലോമീറ്ററോളം വരുന്ന പീച്ചാട് മുതല്‍ കുരങ്ങാട്ടി വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ബി എം ബി സി നിലവാരത്തില്‍ ടാറിംഗ് ജോലികള്‍ നടത്തുകയും വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

നിലവില്‍ മാങ്കുളത്തു നിന്ന് അടിമാലി, കോതമംഗലം, തൊടുപുഴ ഭാഗങ്ങളിലേക്ക് പോകുന്ന ഒട്ടുമിക്ക വാഹനങ്ങളുമിപ്പോള് പീച്ചാട്, പ്ലാമല വഴി കുരങ്ങാട്ടിയിലെത്തിയാണ് കടന്നു പോകുന്നത്. ആഴ്ച്ചയില്‍ നിരവധി കെ എസ് ആര് ടി സി ജംഗിള്‍ സഫാരി ബസുകളും മറ്റ് വിനോദ സഞ്ചാര വാഹനങ്ങളും ഭാരവാഹനങ്ങളുമൊക്കെ ഇതു വഴി കടന്നു പോകുന്നു. ചില സ്വകാര്യ ബസ് സര്‍വ്വീസും ഈ റൂട്ടില്‍ നടക്കുന്നുണ്ട്. നിലവില്‍ പീച്ചാട് മുതല്‍ പ്ലാമലവരെയുള്ള ഭാഗം കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുകയാണ്. പ്രാധാന്യം കണക്കിലെടുത്ത് ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാറിംഗ് ജോലികള്‍ നടത്തണമെന്നാണാവശ്യം.