എഴുപത്തഞ്ചാമത് ഫിന്‍ലെ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഗൂഡാര്‍വിള ടീം വിജയകിരീടം ചൂടി

മൂന്നാര്‍: മൂന്നാറില്‍ നടന്ന് വന്നിരുന്ന എഴുപത്തഞ്ചാമത് ഫിന്‍ലെ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗൂഡാര്‍വിള ടീം വിജയിച്ചു. പഴയ മൂന്നാര്‍ കെ ഡി എച്ച് പി ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്‍സ്റ്റന്റ് ടി ഡിവിഷന് ടീമിനെ നാലു ഗോളിന് പരാജയപ്പെടുത്തിയാണ് ഗൂഡാര്‍വിള വിജയ കിരീടം ചൂടിയത്.
വിവിധ എസ്റ്റേറ്റുകളിലെ 14 ടീമുകളാണ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഗൂഡാര്‍വിള ടീം വിജയികളാകുന്നത്. മികച്ച കളിക്കാരനായി ഗൂഡാര്‍വിള ടീമിന്റെ ജോളി എബ്രഹാമിനെയും മികച്ച ഗോള്‍കീപ്പറായി മാട്ടുപ്പട്ടി ടീമിന്റെ ജയപോളിനെയും തിരഞ്ഞെടുത്തു. വിശ്രമ ജീവിതം നയിക്കുന്ന 41 മുന്‍ കളിക്കാരെ ചടങ്ങില്‍ ആദരിച്ചു.

1941 ലാണ് ബ്രിട്ടീഷുകാര്‍ ഫിന്‍ലെ ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചത്. 75 വര്‍ഷങ്ങള്‍ പിന്നിട്ട ഫുട്ബോള്‍ മാച്ചിപ്പോഴും മൂന്നാറിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശമാണ്. കാല്പന്തുകളി കാണാന്‍ തോട്ടം മേഖലയിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പോയ ദിവസങ്ങലില്‍ മൂന്നാറില്‍ എത്തിയിരുന്നു.