ദേശിയപാത 85ന്റെ നവീകരണജോലികളുടെ ഭാഗമായി മണ്ണ് നീക്കി; നിരവധി വീടുകള്‍ അപകടാവസ്ഥയില്‍

അടിമാലി:ഇത്തവണ മഴ കനത്ത ശേഷം ഏറ്റവും അധികം മണ്ണിടിച്ചില്‍ ഉണ്ടായ ഇടങ്ങളില്‍ ഒന്നാണ് ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗം. നവീകരണജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതാണ് മണ്ണിടിച്ചിലിനും അടക്കടിയുള്ള മരം വീഴ്ച്ചക്കും കാരണം. കഴിഞ്ഞ മഴക്കാലത്തും സ്ഥിതി സമാനമായിരുന്നു. നവീകരണജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ നിരവധി വീടുകളാണ് ഈ മേഖലയില്‍ ഉള്ളത്.
അടിമാലിക്കും രണ്ടാംമൈലിനും ഇടയിലാണ് പാതയോരത്ത് മണ്‍തിട്ടക്ക് മുകളില്‍ മണ്ണിടിച്ചില്‍ സാധ്യത മുമ്പില്‍ കണ്ട് കുടുംബങ്ങള്‍ അധികമായി കഴിയുന്നത്. മഴക്കാലമെത്തിയതോടെ പല വീടുകളും ബലക്ഷയം വന്ന് വാസയോഗ്യമല്ലാതായി തീര്‍ന്നു. സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനായി മണ്ണ് നീക്കിയ ഇടങ്ങളില്‍ മഴക്കു മുമ്പെ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതും ഓടയുടെ നിര്‍മ്മാണത്തിന് പലയിടത്തും അശാസ്ത്രീയമായി മണ്ണ് നീക്കിയതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതായി പറയപ്പെടുന്നു.
മഴ കനക്കുന്നതോടെ മണ്ണിടിച്ചില്‍ രൂക്ഷമായാല്‍ കൂടുതല്‍ കുടുംബങ്ങള്‍ ദുരിതത്തിലാകും. മണ്ണിടിച്ചില്‍ സാധ്യതയുള്ള പലയിടങ്ങളില്‍ നിന്നും കുടുംബങ്ങള്‍ വീടുപേക്ഷിച്ച് പോയി കഴിഞ്ഞു. അതേ സമയം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം നിയന്ത്രിച്ചിരുന്ന കരടിപ്പാറ ഭാഗത്തെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി. ഇരുപത് ദിവസത്തോളമായി ഈ മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.