വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ മാലിന്യസംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ക്രമക്കേട് ; യുഡിഎഫ് അംഗങ്ങള്‍ രംഗത്ത്

അടിമാലി: മുതുവാന്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യസംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങളാണ് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നത്. മാലിന്യ സംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടക്കുന്നുവെന്നാണ് യുഡിഎഫ് അംഗങ്ങളുടെ പ്രധാന ആക്ഷേപം.ലഗസി വെയിസ്റ്റ് കയറ്റി വിട്ടതിലും ക്ലീന്‍ ചെയ്ത പ്ലാസ്റ്റിക് വിറ്റതിലും ക്രമക്കേട് നടന്നിട്ടുള്ളതായി യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ച് കേന്ദ്രത്തില്‍ എത്തിച്ച പ്ലാസ്റ്റിക് സാധനങ്ങളടക്കം മോഷണം പോയി എന്ന ആക്ഷേപവും യുഡിഎഫ് അംഗങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു. കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ സംബന്ധിച്ചും ആക്ഷേപമുണ്ട്. മാലിന്യ സംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ നിയമിച്ചതിലും യുഡിഎഫ് അംഗങ്ങള്‍ ആക്ഷേപം ഉന്നയിക്കുന്നു. പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം വിഷയത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ട ഉപസമിതിക്ക് ക്രമക്കേട് സംബന്ധിച്ച് ബോധ്യം വന്നിട്ടും ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയുടെ ഇടപെടല്‍ മൂലം തുടര്‍ നടപടികളില്‍ നിന്ന് പിന്നോക്കം പോകുകയാണെന്നും യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.
വിഷയം പഞ്ചായത്ത് ഏതാനും തൊഴിലാളികളുടെ തലയില്‍ മാത്രം കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലും വിജിലന്‍സ് അന്വേഷണവും നടത്തണമെന്നും യുഡിഎഫ് അംഗങ്ങളായ എ എന്‍ സജികുമാര്‍, റോയി പാലക്കല്‍, അനിതാ സിദ്ധാര്ത്ഥന്, അനില സനില്‍,മിനി ഷിബി, ജാസ്മി അമാന്‍ എന്നിവര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.