KeralaLatest NewsNationalTravel

എയർ ഇന്ത്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിമാന സർവീസുകൾ വെട്ടിക്കുറച്ചു, നിയന്ത്രണം ജൂലൈ പകുതി വരെ

എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രാടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ആശങ്കയുണ്ടാക്കുന്ന തീരുമാനവുമായി എയർ ഇന്ത്യ. 15%ത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ കമ്പനി റദ്ദാക്കി. ജൂലൈ പകുതി വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഇതോടെ ആറ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 83 ആയി.യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

സുരക്ഷാ പരിശോധനയ്ക്ക് പുറമെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലവും എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയിൽ ഭൂരിഭാഗവും. നിലവിൽ വ്യോമപാത സുരക്ഷിതമല്ലാത്തതിനാൽ ആശങ്കകളും നിലനിൽക്കുകയാണ്.

ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേരും മരിച്ചു എന്നാണ് നിഗമനം. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയായാൽ മാത്രമേ ഔദ്യോഗിക കണക്ക് പുറത്തുവരികയുള്ളൂ.

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്‌പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം മെസ്സില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരും അപകടത്തില്‍ മരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!