പേരുകൊണ്ട് പെരുമ.. പക്ഷെ, അവഗണനക്ക് നടുവിൽ മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയം

മൂന്നാര്‍: കേരളത്തിന്റെ കായിക രംഗത്തിന് കരുത്താകേണ്ടിയിരുന്ന മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയം അവഗണനക്ക് നടുവിലാണ്. പഴയ മൂന്നാറില്‍ ദേശിയപാത85നരികിലാണ് കേരളത്തിന്റെ കായിക രംഗത്തിന് കരുത്താകേണ്ടിയിരുന്ന മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്റ്റേഡിയമുള്ളത്. മൂന്നാറിന്റെ തണുത്ത അന്തരീക്ഷത്തിലും ഉയര്‍ന്ന ഭൂപ്രകൃതിയിലും കായിക താരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിശീലനം ലഭ്യമാക്കി മികച്ച താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കിയത്.
എന്നാല്‍ വലിയ ലക്ഷ്യത്തോടെ നിര്‍മ്മിച്ച സ്റ്റേഡിയമിപ്പോഴും അവഗണനക്ക് നടുവിലാണ്. പരിമിതികള്‍ കണക്കിലെടുക്കാത്തതിനാല്‍ തദ്ദേശിയരായ ആളുകള്‍ കായിക വിനോദത്തിനും വ്യായാമത്തിനും കായിക പരിശീലനത്തിനും സ്റ്റേഡിയം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ സ്റ്റേഡിയം ഇങ്ങനെ മതിയോ എന്ന് ചോദിച്ചാല്‍ പോരാ എന്ന ഒറ്റ ഉത്തരമെ എല്ലാവര്ക്കും ഒള്ളു. പച്ചവിരിച്ച് കിടക്കുന്ന പുല്‍മൈതാനം എന്നതിനപ്പുറം ഒരു സ്റ്റേഡിയത്തിന് വേണ്ടതായ നിര്മ്മിതികളൊ അടിസ്ഥാന സൗകര്യങ്ങളൊ ഇവിടില്ല. മഴക്കാലമായാല്‍ വെള്ളക്കെട്ട് നിറയും.
തെരുവ് നായ്ക്കളും കന്നുകാലികളുമൊക്കെ വിഹരിക്കുന്ന ഇടമായി മാറി കഴിഞ്ഞു പേരില്‍ മാത്രം പെരുമയുള്ള ഈ സ്റ്റേഡിയം.bസ്റ്റേഡിയത്തോടുള്ള അവഗണനയില്‍ തദ്ദേശിയരായ കായിക താരങ്ങള്‍ക്കിടയിലും പ്രദേശവാസികള്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്. സ്റ്റേഡിയത്തെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഇടക്കിടെ വന്ന് പൊയ്ക്കൊണ്ടേയിരിക്കും. സ്റ്റേഡിയത്തിനായി നടത്തുമെന്ന പ്രഖ്യാപിച്ച പദ്ധതികളും നടത്തിയ പദ്ധതികളും യഥാര്‍ത്ഥത്തില്‍ ഫലം കണ്ടിട്ടില്ല. ഏക്കറുകളോളം ചുറ്റളവില്‍ പരന്ന് കിടക്കുന്ന സ്റ്റേഡിയത്തെ അന്തരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുമെന്നും മത്സരങ്ങള്‍ക്ക് വേദിയാക്കുമെന്നുമൊക്കെയുള്ള പല പ്രഖ്യാപനങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പെ ഉണ്ടായതാണ്. പക്ഷെ ഒന്നും എവിടെയും എത്തിയില്ല.
സ്വിമ്മിംഗ് പൂള്, ഇന്‍ഡോര്‍ സ്റ്റേഡിയം, ഫുട്്ബോള്‍ മൈതാനം, സ്പോര്ട്സ്്മെഡിസന് ആന്റ് റിസര്‍ച്ച് സെന്റര്‍…അങ്ങനെ പോകുന്നു മുമ്പുണ്ടായ പ്രഖ്യാപനങ്ങള്‍. മൂന്നാറിന്റെ മാത്രമല്ല കേരളത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്താകാന്‍ കഴിയുന്നൊരു പദ്ധതിയാണ് നാഥനില്ലാ കളരിപോലെ മൂന്നാറിലിങ്ങനെ കിടക്കുന്നത്.