KeralaLatest NewsLocal news

തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകം; നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി

ഇടുക്കി തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാനും പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബിജുവിനെ സ്‌കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു. ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാന്‍ഡിലുള്ള ആഷിഖ് ജോണ്‍സന് വേണ്ടി പോലീസ് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കി. കച്ചവട പങ്കാളിയായ ബിജു ജോസഫിനെ കൊലപ്പെടുത്താന്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പ്രതി ജോമോന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയിരുന്നു. കൊച്ചിയിലെ പ്രമുഖ ഗുണ്ടാത്തലവനെയാണ് ഇയാള്‍ ആദ്യം ക്വട്ടേഷന്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തെ അപായപ്പെടുത്താന്‍ പദ്ധതി ഇട്ടതാണ് ജോമോനെ ആദ്യം പിന്തിരിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവദിവസം എറണാകുളത്ത് നിന്ന് തൊടുപുഴയിലെത്തിയ കാപ്പ കേസ് പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. കച്ചവട പങ്കാളിയായ ജോമോനുമായി ഉണ്ടായിരുന്ന സാമ്പത്തിക തര്‍ക്കത്തെപ്പറ്റി ബിജുവിന്റെ ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ജോമോന്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലയന്താനിയിലെ കേറ്ററിംഗ് ഗോഡൗണിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്.കലയന്താനിയില്‍ ബിജുവും, ജോമോനും നടത്തിയിരുന്ന ദൈവമാതാ കേറ്ററിംഗ് സര്‍വീസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്വട്ടേഷന്‍ കൊലപാതകത്തിന് കാരണം. ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തലച്ചോറിനേറ്റ ക്ഷതവും തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജുവിന്റെ വലത് കൈയില്‍ മുറിവുണ്ട്. ഇതെപ്പോള്‍ സംഭവിച്ചതെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണസംഘം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!