KeralaLatest News

സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത്‌ ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച തന്നെ അനുവദിച്ചിരുന്നു. ഈ തുക ബാങ്കുകൾക്കും കൈമാറി. ബാങ്ക്‌ അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ശനിയാഴ്‌ച തന്നെ പെൻഷൻ ലഭിച്ചിട്ടുണ്ട്‌. മറ്റുള്ളവർക്കെല്ലാം വരും ദിവസങ്ങളിൽതന്നെ പെൻഷൻ ലഭിക്കും.

സംസ്ഥാനത്ത് ഏതാണ്ട്‌ 62 ലക്ഷത്തോളം പേർക്കാണ്‌ ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടത്‌. ഇത്‌ ദിവസങ്ങൾ എടുത്താണ്‌ പൂർത്തീകരിക്കുന്നത്‌. എല്ലാ മാസവും ഒന്നു മുതൽ 15 ഗുണഭോക്താക്കൾക്ക്‌ മസ്‌റ്ററിങ്‌ ചെയ്യാൻ അവസരമുണ്ട്‌. ഇത്തരത്തിൽ മസ്‌റ്റർ ചെയ്യുന്നവരെകൂടി ഉൾപ്പെടുത്തിയാണ്‌ 15–-നുശേഷം അതാത്‌ മാസത്തെ ഗുണഭോകൃത്‌ പട്ടിക അന്തിമമാക്കുന്നത്‌.

തുടർന്ന്‌ പഞ്ചായത്ത്‌ ഡയറക്ടർ നൽകുന്ന പട്ടികയിലെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ തുക അനുവദിച്ച്‌ ഉത്തരവിറക്കുന്നതും തുക കൈമാറുന്നതും. സാമൂഹ്യസുരക്ഷാ പെൻഷനിൽ പകുതിയോളം പേർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ പെൻഷൻ തുക ക്രഡിറ്റ്‌ ചെയ്യും.

ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെൻഷൻ സർക്കാർ നൽകിയില്ല എന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി വിശദീകരിച്ചു. വസ്‌തുത അന്വേഷിക്കാനോ മനസിലാക്കാനോ ശ്രമിക്കാതെയാണ്‌ പ്രസ്‌താവന നടത്തിയിട്ടുള്ളത്‌. ഈ അവാസ്‌തവ പ്രസ്‌താവന തള്ളിക്കളയണമെന്ന്‌ ധനമന്ത്രി അഭ്യർത്ഥിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളും സാങ്കേതികത്വവും മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!