
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഏഴാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 5000 കടന്നു. കൗണ്ടിങ് സെന്ററിന് പുറത്ത് വലിയ ആവേശം തീർത്ത് യുഡിഫ്, ലീഗ് പ്രവർത്തകർ ഒത്തുകൂടി. ആദ്യ റൗണ്ടിൽ തന്നെ മുന്നേറ്റമാണ് യുഡിഎഫിന് മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കരുത്ത് കാട്ടാൻ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.
2021 ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 2021ൽ യുഡിഎഫിന് 4,770 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 3614 വോട്ടായി കുറഞ്ഞു. എൽഡിഎഫ് സ്വതന്ത്രനായി പിവി അൻവർ മത്സരിച്ചപ്പോൾ 4895 വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ എൽഡിഎഫ് വോട്ട് 3195 ആയി കുറഞ്ഞു.
തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്.