
മൂന്നാര്‍: മൂന്നാറില്‍ വഴിയോര വില്പ്പശാലയില് വീണ്ടും മോഷണം. മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് മൂന്നാര്‍ റോസ് ഗാര്ഡന് സമീപം രാജയുടെ ഉടമസ്ഥതയില്‍ ഉള്ള വഴിയോര വില്‍പ്പന ശാലയില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും മോഷണം നടന്നത്. കഴിഞ്ഞ ദിവസം മോഷണം നടന്ന അതേ കടയിലാണ് വീണ്ടും മോഷണം നടന്നത്. കഴിഞ്ഞ ദിവസം മോഷ്ടാവിന്റെ ദൃശ്യം കടക്കുള്ളിലെ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇത്തവണ മോഷ്ടാവ് സി സി ടി വി തകര്‍ത്ത ശേഷമാണ് മോഷണം നടത്തിയത്. സിസിടിവി തകര്‍ക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഷണ വിവരം തിരിച്ചറിയുന്നത്.
കടക്കുള്ളില്‍ നിന്നും ബാഗുകള്‍ മോഷ്ടിച്ചു. മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ഇത് മൂന്നാം തവണയും കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഇത് ആറാം തവണയുമാണ് പ്രദേശത്ത് മോഷണം നടക്കുന്നത്. പലപ്പോഴായി വലിയ തുകയുടെ സാധന സാമഗ്രികള്‍ ഇവിടെ നിന്നും മോഷണം പോയിട്ടുണ്ട്. വഴിയോര വില്‍പ്പനശാലകളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ മോഷ്ടാവിനെ പിടിക്കാത്തതില്‍ പോലീസിനെതിരെ പ്രതിഷേധവും ശക്തമാണ്. മോഷണ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടും പോലീസ് വിഷയം ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.