KeralaLatest NewsNational

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിച്ചേക്കും. അമ്മയുടെ ഡിഎന്‍എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡിഎൻഎ മാച്ച് ആയത്. മരിച്ചവരിൽ 251 പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. അതിൽ 245 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.

സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്.

കഴിഞ്ഞ ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു. ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ മരിച്ചിരുന്നു. മൊത്തം മരണസംഖ്യ എത്രയെന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!