KeralaLatest News

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും

കൊച്ചി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് വിവാദത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും. കൊച്ചിയില്‍ വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കമ്മിറ്റി ചുമതലയേല്‍ക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പുതിയ അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമതലയേല്‍പ്പിക്കുന്നത് തടയണം എന്നാവശ്യപെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ മുന്‍സിഫ് കോടതി തള്ളിയിട്ടുമുണ്ട്.

ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവിലാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദം തിരഞ്ഞെടുപ്പിന്റെ ശോഭ കെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്ന ആരോപണം യൂത്ത് കോണ്‍ഗ്രസില്‍ നിന്നുതന്നെയാണ് ആദ്യം ഉയര്‍ന്നത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിലേക്കടക്കം അന്വേഷണം നീണ്ടു. പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നു. ഇതിനിടെ നാല് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്തിരുന്നു.

കേസിലെ പ്രധാന പ്രതി എം ജെ രഞ്ചു പിടിയിലായാല്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ രെഞ്ചു ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കാന്‍ ഉപയോഗിച്ച ആപ് ആയ സി ആര്‍ കാര്‍ഡ് പ്രചരിപ്പിച്ച കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജെയ്‌സണ്‍ മുകളേലിനേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജയ്‌സണ്‍ കര്‍ണാടകയിലേക്ക് കടന്നു എന്നാണ് പൊലീസിന്റെ സംശയം.

കേസില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഡിജിപി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോര്‍ട്ടില്‍ ഉണ്ട്. റിപ്പോര്‍ട്ടില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!